കോഴിക്കോട്- മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്. ഓരോ പാർട്ടികളും മത്സരിക്കുന്നവരെ തീരുമാനിക്കുന്നത് അവരവരുടെ ആഭ്യന്തര കാര്യമാണെന്നും സിദ്ദീഖ് വ്യക്തമാക്കി. സിദ്ദീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
1996 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രി ആകുമായിരുന്ന അച്യുതാനന്ദനെ മാരാരിക്കുളത്ത് സിപിഎം കാലുവാരി തോൽപ്പിക്കുന്നു. അധികാരം കിട്ടിയപ്പോൾ തിരഞ്ഞെടുപ്പിൽ മൽസരിക്കാതിരുന്ന ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കി. തലശ്ശേരിയിൽ നിന്ന് അന്ന് ജയിച്ച കെ പി മമ്മു മാസ്റ്ററോട് സിപിഎം രാജി വെക്കാൻ പറയുന്നു. അദ്ദേഹം രാജി വെക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇ കെ നായനാർ തലശ്ശേരിയിൽ നിന്ന് ജയിക്കുന്നു. അതായത് പാർട്ടിക്ക് താൽപര്യമുള്ള നേതാവിനു വേണ്ടി ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്നു. എന്നാൽ എതിർ പാർട്ടിക്കാർ പോലും അതിനെ എതിർത്തില്ല. എല്ലാ കാലത്തും എല്ലാ പാർട്ടികളും അങ്ങനെ ചെയ്തിട്ടുണ്ട്. അത് ഓരോ പാർട്ടിയുടേയും ആഭ്യന്തര കാര്യമാണു. കുഞ്ഞാലിക്കുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിൽ തിരിച്ച് വരുന്നത് എന്ത് കൊണ്ടും യുഡിഎഫ് രാഷ്ട്രീയത്തിനു മുതൽക്കൂട്ടാണ്.