ജിസാന്‍-സൗദിയിലെ ജിസാനില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് മോഷ്ടാക്കളെന്ന് സൂചന. ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റിലെ സിസിടിവി റിസീവറും മറ്റും നഷ്ടമായിട്ടുണ്ട്.
അബൂ അരീഷ് അമല്‍ പെട്രോള്‍ പമ്പിന് സമീപം ഹകമി സൂപ്പര്‍ മാര്‍ക്കറ്റ് ജോലിക്കാരനായ മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയില്‍ എന്ന ബാപ്പുട്ടി (52) യാണ് മരിച്ചത്. രാത്രി വൈകിയും കടയുടെ ഗ്ലാസ് ഡോര്‍ അടച്ച് പാക്കിംഗ് ജോലികളും മറ്റും ചെയ്യാറുണ്ട്.
ഇന്ന് പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് കഴുത്തിനേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മുഹമ്മദലിയെ കണ്ടത്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ വിവരമറിയിച്ച ശേഷം പോലീസില്‍ വിവരം നല്‍കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരന്മാരായ ഹൈദര്‍ അലിയും ഇപ്പോള്‍ നാട്ടിലുള്ള അശ്‌റഫും ഇതേ സ്ഥാപനത്തിലെ ജോലിക്കാരാണ്.
പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ് പ്രവാസി മലയാളികളെ ഞെട്ടിച്ച ദാരുണ സംഭവം.
ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ് താഇഫില്‍ പ്രവാസ ജീവിതം തുടങ്ങിയ ബാപ്പുട്ടി ജിസാനില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷമായി. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങി എത്തിയത്.
പിതാവ്-പുള്ളിയില്‍ അബ്ദുഹാജി. മാതാവ്- പാത്തുമ്മ കുന്നത്തൊടി.
ഭാര്യ- പാലേമ്പുടിയന്‍ റംല ഇരുമ്പുഴി.
മക്കള്‍- മുസൈന, മഅദിന്‍ (ആറ് വയസ്സ്)
മരുമകന്‍- ജുനൈദ് അറബി പട്ടര്‍കടവ്.
സഹോദരങ്ങള്‍- ഹൈദര്‍ അലി, അശ്‌റഫ്, ശിഹാബ്, മുനീറ.
അബു അരീഷ് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യും. അനന്തര നടപടികള്‍ക്കായി സഹോദരന്‍ ഹൈദര്‍ അലിയെ സഹായിക്കാന്‍ ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവുമായ ഹാരിസ് കല്ലായി, അബു അരീഷ് കെ എം സി സി പ്രസിഡന്റ് ഖാലിദ് പടല എന്നവര്‍ രംഗത്തുണ്ട്.