തിരുവനന്തപുരം- കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം തീര്‍ക്കാന്‍ സിനിമാ ലോകത്ത് നിന്നൊരു മാര്‍ഗ നിര്‍ദേശം. ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെയെന്ന് നടന്‍ പ്രതാപ് പോത്തന്‍. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്പോഴാണ് സിനിമ ലോകത്ത് നിന്നും ഈ ഒരു അഭിപ്രായം എത്തുന്നത്. ഞാന്‍ ചിന്തിക്കുന്നത് ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്, അദ്ദേഹത്തിന് കേരളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും, എന്ന് പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനെക്കുറിച്ച് നിരവധി കമന്റുകള്‍ പോസ്റ്റിലുണ്ട്. കേരളത്തിന് ഇപ്പോള്‍ തന്നെ മികച്ച മുഖ്യമന്ത്രിയുണ്ട് എന്നും, ശശി തരൂര്‍ ദേശീയ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും, അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നുമുള്ള കമന്റുകള്‍ വരുന്നുണ്ട്.