പാലക്കാട്- സൈലന്റ് വാലി കടപ്പെട്ടിരിക്കുന്നു, ഈ അമ്മയോട്. മനുഷ്യസ്പർശമേൽക്കാത്ത നിശ്ശബ്ദതയുടെ താഴ്‌വര ഇന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി നിലനിൽക്കുന്നത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച വലിയൊരു പോരാട്ടത്തിലൂടെയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലുമായി സൈലന്റ്‌വാലി സമരം കേരളത്തിനകത്തും പുറത്തും വലിയ ചർച്ചയായി മാറിയ കാലം. വികസനമോ പരിസ്ഥിതിയോ വേണ്ടത് എന്നതായിരുന്നു അന്ന് അലയടിച്ച ചോദ്യം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അന്ന് വലിയ ചിന്തകളൊന്നും മലയാളിയുടെ മനസ്സിൽ വേരോടിയിരുന്നില്ല. കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെെടയുള്ള സംഘടനകളെ കൈകോർത്ത് പിടിച്ച് സൈലന്റ് വാലിക്കു വേണ്ടി പോരാടാൻ അണിനിരന്നവരുടെ മുൻനിരയിൽ സുഗതകുമാരി ഉണ്ടായിരുന്നു. അതിന് അക്കാലത്ത് അവർ കേട്ട പഴിക്ക് കണക്കില്ല. മനുഷ്യനെക്കുറിച്ച് പറയാതെ പാമ്പിനും കുരങ്ങനും വേണ്ടി വാദിക്കുന്നു എന്നായിരുന്നു അവരുൾപ്പെടെ സമരത്തിന് മുന്നിട്ടിറങ്ങിയവർ കേട്ട ശകാരം. നാലു പതിറ്റാണ്ടുകൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ നാട് ഒന്നാകെ പറയുന്നു, ടീച്ചറും ടീച്ചറുടെ പോരാട്ടവും വലിയ ശരിയായിരുന്നുവെന്ന്.
സൈലന്റ് വാലിയിൽ കുന്തിപ്പുഴക്ക് കുറുകേ അണക്കെട്ട് കെട്ടാൻ 1978ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് സോപാധികമായി അനുമതി നൽകിയത്. വർഷത്തിൽ ശരാശരി 3000 മില്ലീമീറ്റർ മഴ ലഭിക്കുന്ന പ്രദേശത്ത് അണ കെട്ടി വൈദ്യുതി ഉദ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു പദ്ധതി. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെല്ലാം പദ്ധതിക്ക് അനുകൂലമായിരുന്നു. അതിനെതിരായി അമ്പരപ്പിക്കുന്ന രീതിയിലാണ് എതിർപ്പ് ഉയർന്നത്. ഒടുവിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് പദ്ധതി ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി വിജ്ഞാപനമിറങ്ങി. സമരത്തിൽ വലിയ പങ്കാണ് സുഗതകുമാരി വഹിച്ചത്.
രണ്ടു പതിറ്റാണ്ടിനു ശേഷം പഴയ സൈലന്റ് വാലി പദ്ധതി പാത്രക്കടവ് പദ്ധതിയുടെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടപ്പോഴും മുന്നും പിന്നും നോക്കാതെ സുഗതകുമാരി സമരമുഖത്തിറങ്ങി. സൈലന്റ് വാലിക്ക് വെറും അര കിലോമീറ്റർ അകലെയാണ് പാത്രക്കടവ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്ക് വേണ്ടി ശക്തമായി വാദിച്ച കെ.എസ്.ഇ.ബി പ്രദേശവാസികളുടെ പിന്തുണ നേടാൻ വിപുലമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2001 മെയ് നാലിന് മണ്ണാർക്കാട് തെങ്കര സ്‌കൂളിൽ ഒരു പരിപാടി സംഘടിപ്പിച്ചു. പാത്രക്കടവ് പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാനും പരാതികൾ കേൾക്കാനും വിളിച്ചു ചേർത്ത യോഗത്തിലേക്ക് സുഗതകുമാരിയും എത്തിയിരുന്നു. വലിയ ബഹളത്തിലാണ് പരിപാടി കലാശിച്ചത്. പ്രദേശത്തിന്റെ വികസന സ്വപ്നങ്ങളെ കുരങ്ങന്റെ പേര് പറഞ്ഞ് തുരങ്കം വെക്കുന്നു എന്നാരോപിച്ച് ഒരാൾക്കൂട്ടം തെളിവെടുപ്പ് നടന്ന ക്ലാസ് മുറിയിലേക്ക് ഇരച്ചു കയറി. മുൻഭാഗത്തെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന സുഗതകുമാരി ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകരെ േകട്ടാലറയ്ക്കുന്ന തെറിവാക്കുകളാൽ അഭിഷേകം നടത്തിയ ആൾക്കൂട്ടം ഒരു ഘട്ടത്തിൽ കയ്യാങ്കളിക്കും മുതിർന്നു. വേദിയിലുണ്ടായിരുന്ന അന്നത്തെ സ്ഥലം എം.എൽ.എ കളത്തിൽ അബ്ദുള്ള അടക്കമുള്ള ജനപ്രതിനിധികൾ ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. തെറിയഭിഷേകം നടത്തുന്നവർക്കിടയിൽ പതിവു ഭാവത്തിൽ കണ്ണടച്ച് ഇരിക്കുകയായിരുന്നു ആ സമയമത്രയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് അവരെ മാറ്റാൻ പോലീസും സഹപ്രവ ർത്തകരും ശ്രമിച്ചുവെങ്കിലും തന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. എന്നാൽ അവരെ സംസാരിക്കാൻ കുഴപ്പമുണ്ടാക്കിയവർ അനുവദിച്ചില്ല. പാത്രക്കടവ് പദ്ധതിയും പിന്നീട് ഉപേക്ഷിക്കപ്പെട്ടു.