Sorry, you need to enable JavaScript to visit this website.

എസ്.എൻ.ഡി.പിയെയും തന്നെയും നശിപ്പിക്കാൻ വ്യാജവാർത്തകൾ-വെള്ളാപ്പള്ളി

ചേർത്തല- എസ്.എൻ.ഡി.പി യോഗത്തെയും തന്നെയും തകർക്കാൻ ചിലർ കോടതിയുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളിക്കെതിരെയും ആലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്തുവെന്ന വാർത്ത പച്ചക്കള്ളമാണ്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഇങ്ങനെയൊരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ഹർജി ബുധനാഴ്ച കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് വ്യാജ വാർത്ത ഉണ്ടായത്. ചാനൽ ചർച്ച നടത്തിയാൽ തകരുന്നതല്ല എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വം .കേസ് എടുക്കാൻ കോടതി ഉത്തരവ്  ഉണ്ടെന്ന് വരുത്തി ചാനലുകളിലും പത്രമാധ്യമങ്ങളിലും വ്യാജവാർത്ത നൽകിയത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകണം. എസ്.എൻ.ഡി.പി യോഗത്തേയും തന്നെയും അപകീർത്തിപ്പെടുത്തി തകർക്കാൻ നടത്തുന്ന കുത്സിത ശ്രമം തുടങ്ങിയിട്ട് നാളേറെയായി. വ്യാജവാർത്തകളിലൂടെ തന്നെ വേട്ടയാടുന്നതിന്റെ  പിന്നിൽ ചില മാധ്യമ സുഹൃത്തുക്കളും ഉണ്ടെന്ന് തുറന്ന് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കോടതിയുടെ പേരിൽ വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ നിയമപരമായ നടപടി വേണം. മഹേശന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന നിലപാട് ആദ്യം സ്വീകരിച്ചത് താനാണെന്ന് വെളളാപ്പളളി പറഞ്ഞു. ഇപ്പോൾ ഐ.ജി.യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്യാത്തവർക്ക് ആരെയും പേടിക്കേണ്ടതില്ല. പച്ചക്കള്ളം പലതവണ പറഞ്ഞാൽ സത്യമാകില്ലെന്നും വെളളാപ്പളളി പറഞ്ഞു.
 

Latest News