തൃശൂർ - വീട്ടുകിണറ്റിൽ വീണ മയിലിനെ വനപാലകരെത്തി രക്ഷിച്ച് കരയ്ക്കുകയറ്റി.അരിമ്പൂർ എറവ് കുണ്ടനാട്ട് ഗോവിന്ദൻകുട്ടി നായരുടെ പുരയിടത്തിലെ കിണറ്റിലാണ് മയിൽ വീണത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മയിലുകൾ ഒച്ച എടുക്കുന്നതാണ് വീട്ടുകാർ കണ്ടത്. കിണറിന്റെ സംരക്ഷണ ഭിത്തിയിൽ കയറി നിന്നവയെ ഓടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെയാണ് കിണറ്റിൽ മയിൽ വീണുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ അരിമ്പൂർ പഞ്ചായത്തംഗം സി.പി. പോൾ വഴി പുന്നംപറമ്പ് ഫോറസ്റ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു.തുടർന്ന് വനപാലകരെത്തി വലയിട്ടാണ് മയിലിനെ കിണറ്റിൽ നിന്നും കയറ്റിയത്.
ചിറകുകൾ നനഞ്ഞ മയിൽ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു. വനപാലകർ ചിറകുകളിലെ വെള്ളം തുണികൊണ്ട് തുടച്ചു മാറ്റി. തുടർന്ന് മയിൽ മറ്റുള്ളവയോടൊപ്പം പോയി. റെയിഞ്ച് ഓഫീസർ രാധാകൃഷ്ണൻ, എസ്.എഫ്.ഒ. മനു. കെ.നായർ, രാജ് കുമാർ, ഫ്രാങ്കോ ബേബി, അജീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.