ഇടുക്കി-കുടുംബ കലഹത്തെ തുടർന്ന് ഗൃഹനാഥൻ രാമക്കൽമേടിന്റെ തമിഴ്നാട് പ്രദേശത്ത് നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നെടുങ്കണ്ടം കൂട്ടാർ ഒറ്റക്കട തേനംപറമ്പിൽ വീട്ടിൽ ആർ എസ് പിള്ള (രാജു-50) ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരത്ത് സ്റ്റാർ ഹോട്ടലിൽ മനേജറായിരുന്നു. നാട്ടുകാരും ബന്ധുക്കളും നെടുങ്കണ്ടം പോലീസും നടത്തിയ തെരച്ചിലിനെ തുടർന്ന് ചൊവാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ടെത്തി.
മലയിൽ നിന്ന് ചാടുന്നതിന് മുമ്പ് മകളെ വിളിച്ച് ആത്മഹത്യ ചെയ്യുന്ന വിവരം അറിയിച്ചിരുന്നു. തുടർന്ന് വീട്ടുകാർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. രാമക്കൽമേട്ടിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് എത്തി പരിശോധന നടത്തിയെങ്കിലും ആളെ കാണുവാൻ സാധിച്ചില്ല. രാജു കൊണ്ടുവന്ന കവറിൽ നിന്നും കുറച്ച് ഫോൺ നമ്പർ മാത്രമാണ് പോലീസിന് ആ സമയത്ത് ലഭിച്ചത്. 1500 അടിയോളം താഴ്ചയിലേക്കായിരുന്നു ചാടിയത്. കമ്പം പോലീസ് കേസ് എടുത്തു.