കണ്ണൂർ - വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന വിധത്തിൽ വിഷലിപ്തമായ പ്രചാരണം നടത്തിയും തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയുമായി വ്യാപകമായും ബി.ജെ.പിയുമായി പോലും അവസരവാദപരമായ നീക്കുപോക്കിലേർപ്പെട്ടുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സി പി എം നേരിയ വിജയം കൈവരിച്ചതെന്ന് കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്താൻ സി.പി.എം സ്വീകരിച്ച ഈ നാണം കെട്ട രാഷ്ട്രീയ കളിക്ക് ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി സ്വാഗതം പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹിമാൻ കല്ലായി ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ: എസ്.മുഹമ്മദ്, അഡ്വ: പി വി.സൈനുദ്ദീൻ, ടി.എ. തങ്ങൾ ഇബ്രാഹിം മണ്ടേരി, കെ.ടി. സഹദുല്ല, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം .പി .എ റഹീം പ്രസംഗിച്ചു. സി. പി.എമ്മിന്റെ എല്ലാ തരത്തിലുള്ള കുതന്ത്രങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച് തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതരായ മുഴുവൻ യു ഡി എഫ്, മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെയും യോഗം അഭിനന്ദിച്ചു.2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും മികച്ച നേട്ടമുണ്ടാക്കിയ ജില്ലയിലെ ഏക രാഷ്ട്രീയ കക്ഷി മുസ്ലിം ലീഗാണെന്നത് മുസ്ലിം ലീഗ് സ്വീകരിച്ച പക്വമായ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം മുസ്ലിം ലീഗ് പാർട്ടി പരമ്പരാഗതമായി വിജയിച്ചു വരുന്ന ചില കേന്ദ്രങ്ങളിൽ നേരിട്ട പരാജയത്തെക്കുറിച്ച് വിശദമായ പഠനം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് ഉപസമിതികളെ യോഗം നിയോഗിച്ചു.