തിരുവനന്തപുരം - കുഷ്ഠരോഗ നിർമാർജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എൽസ എന്ന പേരിൽ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുഷ്ഠരോഗത്തെക്കുറിച്ച് യഥാർത്ഥ വസ്തുതകൾ സമൂഹത്തിൽ എത്തിക്കാനും അതിലൂടെ പ്രാരംഭത്തിലേ രോഗനിർണയം നടത്താനും സമൂഹത്തെ പ്രേരിപ്പിക്കുന്ന പദ്ധതിയാണിത്.
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ എത്തിക്കുന്നു. അതിലൂടെ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടോയെന്നു സ്വയം ബോദ്ധ്യപ്പെടുന്നവർക്ക് ആശാ പ്രവർത്തകരുടെയോ, ആരോഗ്യ പ്രവർത്തകരുടെയോ, അടുത്തുള്ള ആശുപത്രിയുടെയോ സഹായം ഈ പദ്ധതിയിലൂടെ തേടാൻ സാധിക്കും. ഇതിന്റെ മറ്റൊരു സവിശേഷത ഇ-സഞ്ജീവനി ടെലി കൺസൾട്ടേഷൻ പ്ലാറ്റ്ഫോം വഴി ത്വക്ക് രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കുന്നതിനും രോഗനിർണയം നടത്തുന്നതിനും സാധിക്കും.
നിരന്തര ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ കുഷ്ഠ രോഗത്തെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ സമൂഹത്തിൽ എത്തിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
എല്ലാ വർഷവും ജനുവരി 30 മുതൽ രണ്ടാഴ്ചക്കാലം കുഷ്ഠരോഗ നിർമാർജന പക്ഷാചരണമായി ആചരിച്ച് ഈ പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടിയിട്ടുണ്ട്. എന്നാൽ കുഷ്ഠരോഗത്തെക്കുറിച്ച് ഭൂരിപക്ഷം സാധാരണക്കാരുടെയും ധാരണ കുഷ്ഠരോഗി എന്നാൽ കൈകാലുകളിൽ വ്രണങ്ങളോടുകൂടിയ വികൃതനായ മനുഷ്യനാണെന്നാണ്. ഈ ധാരണകൊണ്ടുതന്നെ രോഗത്തോടുള്ള അറപ്പും വെറുപ്പും വർദ്ധിപ്പിക്കുന്നു.
അതിനാൽ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങളെയും, സ്പർശനശേഷി കുറഞ്ഞ പാടുകളെയും, ഉപരിതല ഞരമ്പുകളുടെ വേദനയെയും കുഷ്ഠരോഗത്തോടു ചേർത്ത് ചിന്തിക്കാനോ, പരിശോധനയ്ക്ക് വിധേയനാകാനോ തയ്യാറാകുന്നില്ല. ഇപ്രകാരമുള്ള പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗപകർച്ചാ സാധ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം രോഗിയെ വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുഷ്ഠ രോഗത്തെക്കുറിച്ചുള്ള ഈ അജ്ഞത സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളിലും നിലനിൽക്കുന്നു എന്നതാണ് വാസ്തവം. കുഷ്ഠരോഗത്തെക്കുറിച്ച് യാഥാസ്ഥിതിക മനോഭാവം വെച്ചു പുലർത്തുന്ന സമൂഹത്തിൽ കാര്യക്ഷമമായ ഇടപെടലിന് എൽസ സഹായിക്കും.
എൽസയുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതിയ്ക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.ആർ. വിദ്യ എന്നിവർ പങ്കെടുത്തു.