തിരുവനന്തപുരം- ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.
എട്ടിന് വൈകിട്ട് നിശാഗന്ധിയിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖർജി മുഖ്യാതിഥിയായിരിക്കും.
വിഖ്യാത റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സോകുറോവിനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കും. ഉദ്ഘാടന ദിവസം അദ്ദേഹത്തിന് എത്താൻ കഴിയാത്തതിനാൽ പുരസ്‌കാരം സമാപന ചടങ്ങിൽ മുഖ്യമന്ത്രി നൽകും. സോകുറോവിന്റെ ആറു ചിത്രങ്ങൾ റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി. കുമാരൻ എന്നിവരുടെ റെട്രോസ്‌പെക്ടീവും മേളയിൽ ഉണ്ടാവും. കണ്ടംപററി മാസ്റ്റേഴ്‌സ് ഇൻ ഫോക്കസ് എന്ന വിഭാഗത്തിൽ ആഫ്രിക്കൻ രാജ്യമായ ചാഡിൽ നിന്നുള്ള സംവിധായകൻ മുഹമ്മദ് സാലിഹ് ഹാറൂൺ, മെക്‌സിക്കൻ സംവിധായകൻ മിഷേൽ ഫ്രാങ്കോ എന്നിവരുടെ സിനിമകൾ പ്രദർശിപ്പിക്കും. ആറ് സിനിമകൾ ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. സമകാലിക ഏഷ്യൻ സിനിമ, ജാപ്പനീസ് അനിമേഷൻ, റിസ്റ്റോർഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകൾ.
പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടു പേർ, സഞ്ജു സുരേന്ദ്രന്റെ ഏദൻ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മലയാള ചിത്രങ്ങൾ. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതൻ, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനൽ, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് 350 രൂപയാണ്. 14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദർശനം. സുരക്ഷാ കാരണങ്ങളാലും തിയേറ്ററുകൾ മുന്നോട്ടുവച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുളളു. തറയിൽ ഇരുന്നോ നിന്നോ കാണാൻ അനുവദിക്കില്ല. 14 തിയേറ്ററുകളിലായി 8048 സീറ്റുകളാണുളളത്. ഡിസംബർ ഒൻപത് മുതൽ 14 വരെ വൈകിട്ട് ആറ് മണിക്ക് ടാഗോർ തിയേറ്റർ പരിസരത്ത് വിവിധ കലാപരിപാടികൾ നടക്കും. ദൽഹിയിൽ നിന്നുളള ഖുത്ബി ബ്രദേഴ്‌സിന്റെ ഖവ്വാലി, ബംഗാളിൽ നിന്നുളള ബാവുൽ ഗാനങ്ങൾ, ബംഗളൂരു, മദ്രാസ്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുളള മ്യൂസിക് ബാൻഡുകളുടെ സംഗീത പരിപാടി, മാനവീയം കൂട്ടായ്മയുടെയും ട്രാൻസ്‌ജെൻഡേഴ്‌സിന്റെയും കലാപരിപാടികൾ, അഭിനയ തിയേറ്റർ ഗ്രൂപ്പിന്റെ മ്യൂസിക്കൽ പ്ലേ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 15 ന് വൈകിട്ട് നിശാഗന്ധിയിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ചലച്ചിത്ര അക്കാദമി വൈസ്‌ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) എൻ.പി. സജീഷ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) ഷാജി എച്ച.് തുടങ്ങിയവർ സംബന്ധിച്ചു.