Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സർക്കാർ ഇടപെടണമെന്ന് കുടുംബം

കോഴിക്കോട് - യു.പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന്  സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് സിദ്ദീഖ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  
ഇതുമായി ബന്ധപ്പെട്ട് ജനുവരി ആദ്യവാരം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബം ധർണ നടത്തുമെന്നും ഇവർ അറിയിച്ചു.
ഒക്‌ടോബർ അഞ്ചിന് ഹഥ്‌റാസിലേക്ക് വാർത്താശേഖരണത്തിനായി പോകവേയാണ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തിലേറെയായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകന്റെ ജാമ്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യൂ.ജെ) ദൽഹി ഘടകത്തെ അപകീർത്തിപ്പെടുത്താനാണ് യു.പി സർക്കാർ ശ്രമിക്കുന്നത്. സി.പി.എം നേതാക്കളുടെ പ്രേരണയാലാണ് താൻ ഹഥ്‌റാസിലേക്ക് പുറപ്പെട്ടതെന്ന് പറയണമെന്ന് സിദ്ദീഖിനോട് പോലീസ് ആവശ്യപ്പെടുകയുണ്ടായി. 


രണ്ട്  എം.പിമാരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് സിദ്ദീഖ് കാപ്പനെ പോലീസ് മർദിച്ചതായി ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. ഇതിന് വഴങ്ങാത്തതിനാൽ അദ്ദേഹം പോപ്പുലർ ഫ്രണ്ട്  പ്രവർത്തകനാണെന്നും നിരോധിത സംഘടനയായ സിമിയുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് ആരോപണമുന്നയിക്കുകയാണ്. എന്നാൽ ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി സിദ്ദീഖ് കാപ്പൻ പ്രവർത്തിച്ചിരുന്നില്ലെന്നും ഭാര്യ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.


ദൽഹി കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മാധ്യമ പ്രവർത്തകനാണ് സിദ്ദീഖ് കാപ്പൻ. ഹഥ്‌റാസിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വാർത്ത തയാറാക്കാനാണ് അദ്ദേഹം അവിടേക്ക് തിരിച്ചത്. ഓരോ ദിവസവും പുതിയ ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും റൈഹാനത്ത് പറഞ്ഞു. അടുത്ത മാസം 22 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.  വാർത്താസമ്മേളനത്തിൽ സിദ്ദീഖ് കാപ്പന്റെ സഹോദരൻ ഹംസ, പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കുട്ടി, കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാൻ, ട്രഷറർ ഇ.പി മുഹമ്മദ് സംബന്ധിച്ചു.  

 

Latest News