അഹമ്മദാബാദ് - ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസിന് ബുക്കിംഗ് തുടങ്ങി. ഒറ്റ ദിവസം കൊണ്ട് 2000 പേരാണ് ഇതിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തത്. ഉടൻ സർവീസ് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. സബർമതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കാണ് യാത്ര. ഈ പദ്ധതിക്കായി മാലദ്വീപിൽ നിന്നും ഒരു സീപ്ലെയിൻ സർക്കാർ വാങ്ങുകയായിരുന്നു.
205 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപിൽ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനായി വിമാനം കൊച്ചി കായലിൽ ഇറങ്ങിയത് വാർത്തയായിരുന്നു. വില്ലിംഗ്ഡൺ ദ്വീപിനിടയിൽ വെണ്ടുരുത്തി ചാനലിലാണ് വിമാനം ലാൻഡ് ചെയ്തത്. ഇന്ധനം നിറച്ചതിന് ശേഷം വിമാനം മൂന്ന് മണിക്ക് യാത്ര പുനരാരംഭിക്കുകയും ചെയ്തു. സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം ഈ സർവ്വീസിന് ആനുകൂല്യങ്ങൾ നൽകുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി പറഞ്ഞു.
'ഇത് മേഖലയിലെ ടൂറിസത്തിന് വലിയൊരു ഊർജ്ജം പകരും. 12 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന 19 സീറ്റുകളുള്ള വിമാനമാണ് പദ്ധതിക്കായി എത്തിച്ചത്. സ്‌പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സീപ്ലെയിൻ സേവനത്തിനായി റീജിയണൽ കണക്റ്റിവിറ്റി സ്‌കീമിന് കീഴിൽ നാല് വാട്ടർ എയറോഡ്രോമുകൾ നിർമ്മിക്കുന്നതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുമായി ത്രികക്ഷി കരാറിൽ ഏർപ്പെടാനുള്ള നിർദ്ദേശം ഈ വർഷം ജൂലൈയിൽ ഗുജറാത്ത് സർക്കാർ അംഗീകരിച്ചിരുന്നു. ലാൻഡിംഗിനും ടേക്ക് ഓഫിനും സീപ്ലെയിനുകൾ, ഫ്‌ളോട്ട്‌പ്ലെയിനുകൾ എന്നിവ ഉപയോഗിക്കുന്ന ജലത്തിന്റെ ഒരു പ്രദേശമാണ് വാട്ടർ എയറോഡ്രോം അല്ലെങ്കിൽ സീപ്ലെയിൻ ബേസ്. രാജ്യത്ത് നിശ്ചയിച്ച 16 സീപ്ലെയിൻ റൂട്ടുകളിൽ സബർമതി, സർദാർ സരോവർ സ്റ്റാച്യു ഓഫ് യൂണിറ്റി റൂട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.