തിരുവനന്തപുരം-കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും തള്ളി. നിയമസഭാ ചേരേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.നേരത്തെ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ തള്ളിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണമുള്‍പ്പടെ പുതിയ ശുപാര്‍ശ നല്‍കിയത്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ ബുധനാഴ്ച്ച ഒരു മണിക്കൂര്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ പിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ നീക്കം.