Sorry, you need to enable JavaScript to visit this website.

മകൻ കൈയ്യൊഴിഞ്ഞ മാതാവിന് സംരക്ഷണവുമായി എസ്.ഐ

കുറമ്പുശേരി മുണ്ടംകുളം വീട്ടിൽ പരേതനായ പേങ്ങന്റെ ഭാര്യ കുറുമ്പക്ക് ചെങ്ങമനാട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.ഡി. ബെന്നി ചെക്ക് കൈമാറുന്നു

നെടുമ്പാശേരി- സ്വന്തം മക്കൾ സംരക്ഷിക്കാതെ കൈയ്യൊഴിഞ്ഞ വൃദ്ധമാതാവിന് സഹായവുമായി ചെങ്ങമനാട് എസ്.ഐ. ചെങ്ങമനാട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയും ചാലക്കുടി മാമ്പ്ര സ്വദേശിയുമായ പി.ഡി. ബെന്നിയാണ് പറമ്പുശേരി മുണ്ടംകുളം വീട്ടിൽ പരേതനായ പേങ്ങന്റെ ഭാര്യ കുറുമ്പ (85) സഹായമായത്. കുറുമ്പക്ക് മൂന്ന് പെൺമക്കൾ ഉൾപ്പെടെ അഞ്ച് മക്കളുണ്ട്. ഇളയമകന്റെ വീടിനോട് ചേർന്നുള്ള കൂരയിലാണ് വൃദ്ധമാതാവ് കഴിഞ്ഞിരുന്നത്. മാതാവിനെ ആൺമക്കൾ സംരക്ഷിക്കുന്നില്ലെന്നാരോപിച്ച് കുറുമ്പയുടെ മൂന്ന് പെൺമക്കളും ചെങ്ങമനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പോലീസ് ഇടപെട്ട് നടത്തിയ ചർച്ച ഫലം കണ്ടില്ല. എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഒഴിവായി. എസ്.ഐ ബെന്നിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ചകൾ. ഒടുവിൽ ഇളയമകൻ രവി മാതാവിനെ സംരക്ഷിക്കാമെന്നും മറ്റ് മക്കളെല്ലാം പ്രതിമാസം 500 രൂപ വീതം ചെലവിനായി നൽകണമെന്നും ഉപാധിവച്ചു. ഇതിനോടും മറ്റ് മക്കൾ യോജിക്കാതിരുന്നതിനെ തുടർന്ന് എസ്.ഐ ബെന്നി സ്വന്തം കൈയ്യിൽ നിന്നും പ്രതിമാസം 2,000 രൂപ വീതം ആറ് മാസത്തേക്ക് കുറുമ്പയുടെ ചെലവിനായി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്നലെ വാഹനത്തിൽ സ്‌റ്റേഷനിലെത്തിയ കുറുമ്പക്ക് എസ്.ഐ ആറ് മാസത്തേക്കുള്ള ചെക്കും കൈമാറി. വൃദ്ധമാതാവിന്റെ ദുരവസ്ഥ മനസിലാക്കിയ സാഹചര്യത്തിലാണ് ശമ്പളത്തിൽ നിന്നും 2000 രൂപ നൽകാൻ തീരുമാനിച്ചതെന്ന് എസ്.ഐ പി.ഡി. ബെന്നി പറഞ്ഞു.

Latest News