ദോഹ- രാജ്യത്തിന്റെ പൊതു ഇടങ്ങളിൽ രൂപപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങളെ പോലീസ് മുഷ്‌ക് ഉപയോഗിച്ച് അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി കെ എ ഷഫീഖ് അഭിപ്രായപ്പെട്ടു.
ഗെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ മുദ്ര ചാർത്തി നേരിടുന്ന പിണറായി സർക്കാരിന്റെ ശ്രമങ്ങളെ എന്ത് വില കൊടുത്തതും ചെറുത്ത് തോൽപ്പിക്കും. ഭരണകൂടത്തെയും നയങ്ങളെയും വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതായും രാജ്യദ്രോഹമായും ചിത്രീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
റയിൽവേ ടിക്കറ്റിനു പോലും ആധാർ ലിങ്ക് ചെയ്യണമെന്ന് പറയുക വഴി സ്വന്തം പൗരന്മാരെ സംശയത്തിന്റെ നിഴലിലാക്കുകയും അവരുടെ അവകാശങ്ങൾ റദ്ദ് ചെയ്യാൻ വഴി നോക്കുകയുമാണ് ഭരണകൂടം. ഇത് രാജ്യത്തെ അപകടപ്പെടുത്തും. രാജ്യത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള ഒറ്റമൂലി നോട്ടു നിരോധമാണെന്ന് പ്രചാരണം നടത്തിയ മോഡി ടീം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായതിനെ പറ്റി ഒരക്ഷരം ഉരിയാടാൻ സന്നദ്ധമാവുന്നില്ല.
ഭരണകൂടാതിക്രമങ്ങൾക്കിടയിൽ സാമൂഹിക നീതി സംരക്ഷിക്കപ്പെടണം. അതിനു നീതിക്കു വേണ്ടിയുള്ള പൊരുതുന്ന രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരികയാണ് വെൽഫെയർ പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി നടപ്പിലാക്കുന്ന ജനകീയ ആംബുലൻസ് പദ്ധതിയുടെ സമർപ്പണത്തോടനുബന്ധിച്ചു ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ ബലികഴിച്ചു കോർപറേറ്റുകൾക്കു വേണ്ടി ഭരിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭാവിയും മുൻനിർത്തി വലിയ പോരാട്ടങ്ങൾക്ക് തയാറാവുകയാണ് വേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി പറഞ്ഞു. ജനകീയ ആംബുലൻസ് പദ്ധതി കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് താജ് ആലുവ, അസ്‌ലം ചെറുവാടിക്ക് കൈമാറി. സാമൂഹിക പ്രവർത്തകരായ മുഹമ്മദ് കുഞ്ഞി ടി.കെ, റസാഖ് കാരാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് കുഞ്ഞിക്ക് ഐ.സി.സി വൈസ് പ്രസിഡന്റ് മണികണ്ഠൻ എ.പിയും റസാഖ് കാരാട്ടിന് കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് സക്കറിയയും മെമന്റോ സമ്മാനിച്ചു. കോഴിക്കോട് ജില്ലയിൽ നിന്ന് നോർക്ക ഐഡന്റിറ്റി കാർഡിന് അപേക്ഷിച്ച വരിൽ നിന്ന് ആദ്യ ഘട്ട കാർഡുകൾ ചടങ്ങിൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധര പണിക്കർ വിതരണം ചെയ്തു. ഫസലുറഹ്മാൻ കൊടുവള്ളി പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹാരിസ് എടവന പദ്ധതി വിശദീകരിച്ചു. ആരിഫ ശരീഫ് നാടൻ പാട്ടു അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, ഫരീദ് തിക്കോടി, ജില്ലാ വൈസ് പ്രസിഡണ്ട് മജീദ് മൈലിശ്ശേരി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ സ്വാഗതവും ജില്ലാ സെക്രട്ടറി ഷാഹിദ് ഓമശ്ശേരി നന്ദിയും പറഞ്ഞു. കൺവീനർ നജ്മൽ ടി, ഗഫൂർ എ.ആർ, യാസർ ബേപ്പൂർ, അഫ്‌സൽ കെ, നാസർ വേളം, ശരീഫ് കെ.പി സൈനുദ്ദീൻ ചെറുവണ്ണൂർ, സാബിർ, ടി. മനാഫ് വട്ടപ്പാറ, ജസീം ലക്കി, യാസിർ കുറ്റിയാടി എന്നിവർ നേതൃത്വം നൽകി.