കണ്ണൂർ - ഗീബൽസിനെ അനുകരിച്ച് കള്ളം പറഞ്ഞാലൊന്നും സി.പി.എം ജില്ലാ നേതൃത്വത്തിന്റെ മേലെ വോട്ട് കച്ചവടത്തിലൂടെ വീണ കറകൾ മാറില്ലെന്നു ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പിയെയും എസ്.ഡി.പി.ഐയെയും വിജയിപ്പിക്കാൻ സി.പി.എം പദ്ധതി തയ്യാറാക്കി പ്രവർത്തിക്കുകയായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് നൽകിയ വെള്ളവും വളവും കൊണ്ടാണ് ജില്ലയിൽ കോർപ്പറേഷനിലുൾപ്പെടെ താമര വിരിഞ്ഞത്.
കണ്ണൂർ കോർപ്പറേഷനിൽ പള്ളിക്കുന്ന് ഡിവിഷനിലും ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന മാരാർജി മന്ദിരം സ്ഥിതിചെയ്യുന്ന താളിക്കാവ് ഡിവിഷനിലും പരസ്പരം വോട്ട് കച്ചവടം നടത്തിയാണ് ബി.ജെ.പിക്ക് കോർപ്പറേഷനിൽ എക്കൗണ്ട് തുറക്കാൻ സൗകര്യം ഏർപ്പെടുത്തിയത്. കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന അജണ്ടയുടെ ഭാഗമായി പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപിക്ക് വോട്ട് മറിച്ചു കൊടുക്കുകയും പ്രത്യുപകാരമായി താളികാവ് ഡിവിഷനിൽ തിരിച്ചും സഹായം സ്വീകരിക്കുന്നതായിരുന്നു കോർപ്പറേഷനിൽ സി.പി.എം സ്വീകരിച്ചത്.
കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന അജണ്ടയിൽ ജില്ലയിൽ പലസ്ഥലത്തും സി.പി.എമ്മും ബിജെപിയും ധാരണയിൽ പ്രവർത്തിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്.
മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇരിട്ടി നഗരസഭയിലും നാല് സീറ്റിൽ എസ്.ഡി.പി.ഐയെ വിജയിപ്പിച്ചത് സി.പി.എമ്മാണ്. കോൺഗ്രസ് നേതൃത്വത്തിൽ ഭരണസമിതികൾ വരുമെന്ന് കണ്ടപ്പോഴാണ് കോൺഗ്രസിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയെ വിജയിപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്.
കോൺഗ്രസിന് സീറ്റ് കുറയ്ക്കുക എന്ന മുഖ്യമായ ലക്ഷ്യത്തിനുവേണ്ടി വർഗീയ ശക്തികളുമായി കൂട്ടുകൂടി രാഷ്ട്രീയ അന്തസ്സ് കളഞ്ഞ് കുളിച്ച സി.പി.എ നേതൃത്വം ജില്ലയിലെ വോട്ട് കണക്ക് കൂടി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കോൺഗ്രസ് പതാകയിൽ പൊതിഞ്ഞല്ല ജില്ലയിൽ താമര വിരിഞ്ഞതെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.