കോഴിക്കോട്- സമസ്തയെന്ന മതസംഘടനക്ക് വര്‍ഗീയ ചിന്തയുണ്ടെന്ന് വിമര്‍ശിച്ചിട്ടില്ലെന്ന തിരുത്തുമായി സി.പി.എം നേതാവ് പി.ജയരാജന്‍.
മുഖ്യമന്ത്രി പിണറായിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.
സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയരാജന്‍ ഫേസ് ബുക്ക് പേജില്‍ എഴുതിയ പോസ്റ്റില്‍ മലക്കം മറിഞ്ഞത്.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
സുപ്രഭാതം പത്രത്തിന്റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തെക്കുറിച്ച് മീഡിയാ വണ്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ്.
ഡിസംബര്‍ 19 ന്റെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമര്‍ശിച്ചത്. ഇത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നേതൃത്വംതന്നെ ലീഗ് ഏറ്റെടുക്കകയാണോ എന്ന സംശയം ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ഇതേക്കുറിച്ചാണ് മുഖപ്രസംഗം.
മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും കൈയ്യിലേന്തിയ വര്‍ഗ്ഗീയ തീപ്പന്തം ദൂരെ എറിയുകതന്നെ വേണം എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സിപിഐഎം പ്രവര്‍ത്തകന്‍ എന്നനിലയ്ക്ക് ഇതിനോട് പ്രതികരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് .മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വര്‍ഗ്ഗീയ പ്രചരണത്തിന്റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല. സമസ്തയെന്ന മതസംഘടനയ്ക്ക് വര്‍ഗ്ഗീയചിന്ത ഉള്ളതായി ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല.
അതേസമയം യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള തെരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വര്‍ഗ്ഗീയതയ്ക്ക് തിരികൊളുത്തുന്നത് യു.ഡി.എഫ് ആണ്. ജമാഅത്ത്‌വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവര്‍ സമസ്തയില്‍ ഉണ്ടെന്നതും വസ്തുതയാണ്.
നാനാ വര്‍ഗ്ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാരാണ് സ:പിണറായി നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍.ആ മുഖ്യമന്ത്രിയെയും സിപിഐഎം നേതാക്കളെയും വര്‍ഗ്ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണ്.