Sorry, you need to enable JavaScript to visit this website.

രണ്ട് കൊല്ലത്തെ ദുരിത പ്രവാസം;  മലയാളി എൻജിനീയർ നാടണഞ്ഞു

സന്തോഷിനു (മധ്യത്തിൽ) മണി മാർത്താണ്ഡവും അബ്ദുല്ലത്തീഫും  യാത്രരേഖകൾ കൈമാറുന്നു.

ദമാം- മെക്കാനിക്കൽ എൻജിനീയർ ജോലിക്കെത്തി ദുരിതപൂർണമായ ജീവിതം നയിക്കേണ്ടി വന്ന തിരുവനന്തപുരം സ്വദേശി നവയുഗം അൽഹസ മേഖല ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. രണ്ടു വർഷം മുമ്പാണ് സന്തോഷ് മെക്കാനിക്കൽ എൻജിനീയർ വിസയിൽ സൗദിയിൽ എത്തിയത്. ഒരു വലിയ നിർമാണ കമ്പനിയിൽ 3,500 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും നാട്ടിൽ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു. സർവീസ് ചാർജായി ഒരു വലിയ തുക ഏജന്റിന് നൽകിയതായും സന്തോഷ് പറയുന്നു. 
ദമാമിൽ വിമാനമിറങ്ങിയ സന്തോഷിനെ അൽഹസയിൽനിന്ന് ഏറെ അകലെ ഒരു മരുഭൂമിയിലെ മണൽക്വാറിയിലേക്കാണ് സ്‌പോൺസർ കൊണ്ടു പോയത്. അവിടെനിന്ന് മണൽ കടത്തുന്ന ലോറി ഡ്രൈവറുടെ ജോലി ചെയ്യാൻ സന്തോഷ് നിർബന്ധിതനായി. ആദ്യം പ്രതിഷേധിച്ചെങ്കിലും നാട്ടിലെ സാമ്പത്തിക പരാധീനതകൾ ഓർത്ത് കിട്ടിയ ജോലിയിൽ തുടരാൻ മനമില്ലാമനസ്സോടെ തീരുമാനിച്ചു. സ്‌പോൺസർ ഇഖാമയോ ലൈസൻസോ എടുത്തു നൽകിയില്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും കുറവായിരുന്നു. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ആഹാരത്തിനു പോലും പലപ്പോഴും പ്രയാസം നേരിടേണ്ടി വന്നു. രോഗം വരുമ്പോൾ മതിയായ ചികിത്സ ലഭിക്കാതെ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നുവെന്ന് സന്തോഷ് പരിഭവിച്ചു. രണ്ടു വർഷത്തോളം ഈ നിലയിൽ ജോലി ചെയ്തു. 
ഇക്കാലയളവിൽ ഒമ്പത് മാസത്തെ ശമ്പളം കുടിശ്ശികയായി. അവധി നൽകാനും സ്‌പോൺസർ തയാറായില്ല. ഇതേ തുടർന്ന് ഒരു ദിവസം രാത്രി, മരുഭൂമിയിൽനിന്ന് രക്ഷപ്പെട്ട് അൽഹസ ലേബർ കോടതിയിലെത്തി. കോടതി വളപ്പിൽ ഉറങ്ങി രാവിലെ കോടതി തുടങ്ങിയപ്പോൾ ഒരു ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞു. അദ്ദേഹം നവയുഗം അൽഹസ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളിയെ ബന്ധപ്പെടാൻ ഉപദേശിച്ചു. ഇതുപ്രകാരം, അബ്ദുല്ലത്തീഫിനെ ബന്ധപ്പെട്ട സന്തോഷ്, താൻ അനുഭവിച്ച പ്രയാസങ്ങളെല്ലാം അദ്ദേഹത്തോട് വിശദീകരിച്ചു. അബ്ദുല്ലത്തീഫിന്റെ സഹായത്തോടെ സന്തോഷ് സ്‌പോൺസർക്കെതിരെ പരാതി നൽകി. 
ലേബർ കോടതി വിചാരണക്ക് മൂന്നാമത് സിറ്റിംഗിലാണ് സ്‌പോൺസർ ഹാജരായത്. ഒടുവിൽ സന്തോഷിന് ഫൈനൽ എക്‌സിറ്റും, വിമാനടിക്കറ്റും, ആറുമാസത്തെ കുടിശ്ശിക ശമ്പളവും നൽകാൻ കോടതി വിധിച്ചു.
മണി മാർത്താണ്ഡവും അബ്ദുല്ലത്തീഫുമാണ് കോടതിയിൽ സന്തോഷിനെ സഹായിച്ചത്. നവയുഗം ജീവ കാരുണ്യവിഭാഗം സന്തോഷിന് താമസ സൗകര്യവും ഭക്ഷണവും നൽകി സഹായിച്ചു. സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം സന്തോഷ് നാട്ടിലേക്ക് തിരിച്ചു.   

 

Latest News