കൊച്ചി- ഇടപ്പിള്ളി ലുലുമാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കായി പോലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ യാത്ര ചെയ്തുവെന്ന സൂചനയെ തുടര്‍ന്ന് പോലീസ് കോഴിക്കോട് റെയിവേ സ്റ്റേഷനിലും പരിശോധന നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് മലപ്പുറം സ്വദേശികളാണെന്ന് മനസ്സിലാക്കിയതിനെതുടര്‍ന്ന് പോലീസ് സംഘം ഇന്നു പുലര്‍ച്ചെ മലപ്പുറത്തെത്തി.
മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടിെല്ലന്നും നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നുമാണ് പ്രതികളുടെ പ്രതികരണം. യുവാക്കളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെയാണ് വിശദീകരണവുമായി പ്രതികള്‍ രംഗത്തുവന്നത്. എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് സി.സി.ടി.വി ദൃശ്യങ്ങളും എറണാകുളത്തെ സഞ്ചാരവും. പ്രശ്‌നം ചര്‍ച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് ഒളിവില്‍ പോയ പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടന്നു എന്നാണ് വിവരം.
അതേസമയം ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. നടിയുടെ മൊഴി ഫോണിലൂടെ പോലീസ് രേഖപ്പെടുത്തി. പ്രതികളുടെ പ്രവൃത്തി ബോധപൂര്‍വമായിരുന്നുവെന്ന് സൂപ്പര്‍ മാര്‍ക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. ഇത് വിവാദമായതോടെ ഐ.ജി വിജയ് സാഖറേയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സി.ഐ അന്വേഷണം തുടങ്ങി. പ്രതികള്‍ കൊറിയര്‍ സര്‍വീസുകാരാണ്. പ്രതികളുടെ കൊച്ചി സന്ദര്‍ശനത്തിലും പോലീസ് ദുരൂഹത കാണുന്നുണ്ട്.