ജിദ്ദ- മേഖലയിൽ അഞ്ച് സ്ഥലങ്ങളിലായി 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലും 13,550 മീറ്റർ നീളത്തിലുമായി മരം നടീൽ പദ്ധതിക്ക് തുടക്കം കുറിച്ച് ജിദ്ദ മുൻസിപ്പാലിറ്റി. നഗരത്തിന്റെ ദൃശ്യ ഭൂപ്രകൃതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നീക്കം. കിംഗ് അബ്ദുൽ അസീസ്-അബ്ഹുർ റോഡിന്റെ വടക്ക് ഭാഗം മുതൽ അൻദുലസ് റോഡ് വരെയാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്.
പദ്ധതിക്ക് ഒരു കോടി റിയാൽ ചെലവ് വരുമെന്നാണ് നിഗമനം. ജിദ്ദ നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് പദ്ധതിയെന്ന് ജിദ്ദ മുൻസിപ്പാലിറ്റിയിലെ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് മേധാവി എൻജി.പറഞ്ഞു. 13,660 ലധികം കുറ്റിച്ചെടികൾ ഉൾപ്പെടെ 1,200 ലധികം വ്യത്യസ്തമായ മരങ്ങൾ നടുവാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'8,000 മീറ്റർ നീളവും 2,500 ചതുരശ്ര മീറ്റർ വിസ്തീർണവുമുള്ള കിംഗ് അബ്ദുൽ അസീസ്-അബ്ഹുർ റോഡിനിരുവശവും മരം നടൽ 87 ശതമാനം പൂർത്തിയായി. 700 മീറ്റർ നീളത്തിൽ ഹിറാ സ്ട്രീറ്റിലും 3,900 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മുജസ്സിമ ജാമിഅയിലും പദ്ധതി ഇതിനകം നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മക്‌റോണ റോഡിന്റെ വടക്ക് ഭാഗത്ത് 58 ശതമാനവും അൻദുലസ് റോഡിൽ അഞ്ച് ശതമാനവുമാണ് പൂർത്തിയായതെന്നും എൻജി. അംർ അൽഗാംദി വിശദമാക്കി.
മരം നടീലിന് പുറമെ, മേൽപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലും ജലസേചന ശൃംഖലകളുടെ വിപുലീകരണം, ഗ്രൗണ്ട് ടാങ്കുകളുടെ നിർമാണം, പമ്പ് റൂമുകൾ സ്ഥാപിക്കൽ, ചെടി വളർത്തൽ, ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയും പുരോഗമിക്കുന്നുണ്ട്. പുതിയ പദ്ധതി നഗരത്തിന്റെ മുഖം മാറ്റുന്ന പരിസ്ഥിതി വികസനമാകുമെന്ന് നഗരസഭാ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.