തിരുവനന്തപുരം- മതേതരത്വത്തെ കുറിച്ച് ഗീർവാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരള രാഷ്ട്രീയത്തിൽ വർഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എംഎം ഹസ്സൻ. യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാൻ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയൻ പ്രചരിപ്പിക്കുന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ആരുവേണമെന്ന് മറ്റൊരു കക്ഷി നിർദ്ദേശിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ്. പിണറായി വിജയൻ സർസംഘചാലക് വിജയനായി അധിപതിക്കുന്ന ദയനീയ കാഴ്ചയാണ് കേരളീയ സമൂഹം കാണുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് യു.ഡി.എഫ് മതവർഗീയ കക്ഷികളുമായി ചേർന്നെന്ന കുപ്രചരണം നടത്തിയപ്പോഴും യു.ഡി.എഫിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി,ഹസ്സൻ,അമീർ കൂട്ടുക്കെട്ടാണെന്ന ബി.ജെ.പിയുടെ അതേ പ്രചാരണമാണ് മുഖ്യമന്ത്രിയും ഏറ്റുപാടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ എസ്ഡിപിയുമായും സി.പി.എമ്മുണ്ടാക്കിയ സംഖ്യത്തിന്റെ സൂത്രധാരനായ പിണറായി വിജയന്റെ ലക്ഷ്യം ഭൂരിപക്ഷവർഗീയതയെ ചൂഷണം ചെയ്യുകയെന്നതായിരുന്നു. യു.ഡി.എഫ് സർക്കാരിനെ നയിക്കുന്നത് ഉമ്മൻചാണ്ടി, കെഎം മാണി,കുഞ്ഞാലിക്കുട്ടി എന്നിവരാണെന്ന് പിണറായിയുടെ മുൻഗാമി വിഎസ് അച്യുതാനന്ദൻ നടത്തിയ പ്രചരണത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്.
ന്യൂനപക്ഷ സമുദായങ്ങളിൽ ആർ.എസ്.എസ്‌പേടി വളർത്തി അവരുടെ പിന്തുണ പിടിച്ചെടുക്കാനും യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിഷംചീറ്റുന്ന വർഗീയ പ്രചരണം മതേതരകേരളം തരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷീരമുള്ളോരകിടിലും ചോരമാത്രം കുടിച്ച് അതിന്റെ രുചിയറിയുന്ന കൊതുകിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്നും ഹസ്സൻ പരിഹസിച്ചു.