Sorry, you need to enable JavaScript to visit this website.

രണ്ട് നിലവിളികൾക്കിടയിൽ ഒരു മനുഷ്യൻ

ചുറ്റുപാടുകളുടെ പ്രകമ്പനങ്ങൾ ഓരോ മനുഷ്യരുടെയും ഹൃദയത്തിൽ നിരന്തരം ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. വ്യത്യസ്ത മനുഷ്യരിൽ വ്യത്യസ്തമായ പരിണതഫലങ്ങളാണ് ഇത്തരം അനക്കങ്ങൾ സൃഷ്ടിച്ചെടുക്കുക. പ്രത്യേകിച്ച് ഒരു എഴുത്തുകാരനാകുമ്പോൾ എഴുതാതിരിക്കാൻ നിവൃത്തിയില്ലാതാകുന്നു.
ബഷീർ തിക്കോടി അത്തരമൊരു മാനസികാവസ്ഥയിലായിരിക്കണം, കൊലവിളികൾക്കും നിലവിളികൾക്കുമിടയിൽ എന്ന കൃതിയിലെ ലേഖനങ്ങൾ പല കാലങ്ങളിലായി എഴുതിയിട്ടുണ്ടാവുക. എഴുത്ത് ഒരു കാരുണ്യ പ്രവർത്തനമാകുന്നതെങ്ങനെയെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുകയാണ് ഇതിലെ പല ലേഖനങ്ങളിലൂടെയും ലേഖകൻ ചെയ്യുന്നത്. ജീവിതം കൂരിരുട്ടിൽ അകപ്പെട്ടു പോയവരുടെ മുമ്പിൽ പലപ്പോഴും ഒരു വഴിവിളക്കായാണ് ലേഖകൻ പ്രത്യക്ഷപ്പെടുന്നത്. അത് കൊണ്ടാണ് അദ്ദേഹത്തിന് കറുത്ത കാഴ്ചകൾ കൊണ്ട് വെളുത്ത മേഘവിരിപ്പിൽ എഴുതാൻ കഴിയുന്നത്. ബിന്ദു സന്തോഷിന്റെ കവിതയിലെ വരികളിലൂടെ സഞ്ചരിച്ചു കൊണ്ട് ലേഖകൻ പറയുന്നത്, വ്യാകരണപ്പിശകുകൾ നിറഞ്ഞ ജീവിതത്തെ നോക്കി, മാന്യതകളേയും അമാന്യതകളേയും എങ്ങനെയാണ് കവിതകളിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്നാണ്. വർണ ശബളിമ കണ്ടെത്താൻ കഴിയാത്ത വരികളിൽ നിന്നും ജീവിതത്തെ വേർതിരിച്ചെടുക്കാൻ കഴിയുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.


എം.എസ്.ബാബുരാജിന്റെ കണ്ണീർത്തെളിമയുള്ള പാട്ടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമുള്ള അന്വേഷണത്തിൽ , ജീവിതം നൽകേണ്ട ഹരിതാഭമായ അനുഭവങ്ങളുടെ നിഷേധത്തോടുള്ള രോഷം, ബഷീർ തിക്കോടി വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. ബാബുരാജ് മലയാളത്തിന് സുഗന്ധമുള്ള ഒരോർമയാണെന്നും ആ പാട്ടുകളൊക്കെ ഹൃദയത്തിലേക്ക് തിരയടിച്ചു കയറിയ ഈണ സൗകുമാര്യമാണെന്നും എഴുത്തുകാരൻ പറയുന്നുണ്ട്.
ആവിഷ്‌കാരത്തിന്റെ മൗലികവും സ്വതന്ത്രവുമായ താളത്തെ വിശകലനം ചെയ്യുന്ന 'ക്ഷണികോന്മാദത്തിലെ ഉന്മാദ വിഷാദങ്ങൾക്കകത്തെ വിപരീതാർത്ഥങ്ങൾ' എന്ന ലേഖനത്തിൽ ഷാബു കിളിത്തട്ടിലിന്റെ ധിഷണയെ അനാവൃതമാക്കുന്നുണ്ട് '. ഷാബു ഓർമിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്.അത് മനുഷ്യർ എവിടെയാണ് നിൽക്കുന്നതെന്നും എവിടെയാണ് നിൽക്കേണ്ടതെന്നുമാണ്. സ്പഷ്ടമായ അത്തരം തിരിച്ചറിവുകൾ മനുഷ്യർ ഒരേ ജീവജാതിയാണെന്ന ഓർമപ്പെടുത്തലുകളാണ്.നിത്യവും മരിക്കുന്ന വാർത്തകളിൽ നിന്നും പാറ്റുകയും ചേറ്റുകയും 
ചെയ്തതിന് ശേഷം ബോധത്തിന്റെ പഞ്ചായത്തിലേക്ക് ഷാബു ഉണർവിനെ നിക്ഷേപിക്കുകയാണെന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു.


കരുവാരക്കുണ്ടിനടുത്ത് അരിമണലിലെ കിഴക്കേ വീട്ടിൽ രുഗ്മിണിയുടെ ജീവിതവും ഭൂതദയയും പരിചയപ്പെടുത്തുന്നിടത്ത് വരൾച്ചക്കിടയിലേക്ക് ജലപ്രവാഹത്തെയാണ് ബഷീർ തിക്കോടി തുറന്നിടുന്നത്. തന്നേക്കാൾ കഷ്ടതയനുഭവിക്കുന്ന ഫാത്തിമയെന്ന മറ്റൊരു ദുരിത ജീവിതത്തിന് സ്വയം വഴിമാറിക്കൊടുക്കുന്ന രുഗ്മിണിയുടെ നന്മ അനുകരണീയമാണ്. മത-രാഷ്ട്രീയ - സാമുദായിക - സാമൂഹ്യ നേതൃത്വത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്നും കുതറിമാറി രുഗ്മിണികൾ ഉയർത്തുന്ന ചൂട്ടു വെളിച്ചങ്ങളെ വായനക്കാർക്ക് മുഴുവൻ വെളിച്ചമാക്കുകയാണ് ലേഖകൻ.
ടി. ഉബൈദ് എന്ന മഹാകവിയെ മറന്നു തുടങ്ങിയ മലയാളി മനസ്സിലേക്ക് ഉബൈദിന്റെ സർഗാത്മക ജീവിതത്തെ തിരികെ കൊണ്ട് വരികയാണ് പെയ്ത് തീർന്ന പെരുമഴ എന്ന ലേഖനത്തിൽ.കാലത്തിന്റെ അതിരുകൾ ഭേദിച്ച് , വർത്തമാനകാല സാമൂഹിക സാംസ്‌കാരിക സമസ്യകളിലേക്ക് ആഴത്തിൽ പടർന്നുകയറുന്ന ഉൽബുദ്ധ മനസ്സായിരുന്നു ഉബൈദിന്റേതെന്ന് എഴുത്തുകാരൻ അടിവരയിടുന്നു. സത്യൻ മാടാക്കരയെന്ന കവിയുടെ ധന്യാത്മകമായ സ്പന്ദനങ്ങളെ മറ്റൊരു ലേഖനത്തിൽ ലേഖകൻ ചേർത്തു വെക്കുന്നുണ്ട്.
വടകര എം. കുഞ്ഞിമൂസയുടെ ജീവിതം പാട്ടും ചുമന്നൊരാൾ എന്ന കൃതിയിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ ബഷീർ തിക്കോടി ഈ സമാഹാരത്തിലും അദ്ദേഹത്തെ സ്പർശിച്ചു പോകുന്നുണ്ട്. ഒരു വേനൽ മഴയുടേതെന്ന പോലുള്ള സ്പർശം ലേഖനത്തിലുടനീളം വായനക്കാരന് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്.


   ഞെട്ടറ്റു വീഴേണ്ടതാണെന്നറിയാമായിരുന്നിട്ടും വിടരുകയും സുഗന്ധം പരത്തുകയും ചെയ്യുകയെന്ന ദാസ്യത്തിൽ നിന്നും പൂവ് കുതറി മാറാത്തത് പോലെ , കണ്ണീരണിഞ്ഞ ജീവിതങ്ങൾക്ക് , ഞെട്ടറ്റു പോകുന്ന മനുഷ്യർക്ക് ആശ്രയമാവുകയെന്നത്  ഒരു ദാസ്യവൃത്തിയായി സ്വയം സ്വീകരിച്ച ബഷീർ തിക്കോടിയുടെ കർമപഥം പോലെ തന്നെയാണ് എഴുത്തും. കൊലവിളികൾക്കും നിലവിളികൾക്കുമിടയിൽ എന്ന ലേഖന സമാഹാരം അത് കൃത്യമായി സാക്ഷ്യപ്പെടുത്തുന്നു. ഇരുപത്തിയൊന്ന് ലേഖനങ്ങൾ ഉൾക്കൊള്ളിച്ച ഈ കൃതി പ്രസിദ്ധീകരിച്ചത് ലിപി പബ്ലിക്കേഷൻസാണ്.
പേജ് എൺപത്.
വില 100 രൂപ.

Latest News