പ്രവാസ ചരിത്രത്തിൽ സ്വർണലിപിയിലെഴുതിച്ചേർക്കേണ്ടതാണ് റിയാദ് സോനാ സ്വർണഫാക്ടറിയിലെ നൂറിലധികം പേരുടെ കണ്ണഞ്ചിക്കുന്ന കരവിരുതിന്റെ കഥ. ഗൾഫ് മേഖലയിലെവിടെയും കാണാത്ത തരത്തിലുള്ള അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ, തൃശൂർ അന്തിക്കാട് സ്വദേശി കെ.വി മോഹന്റെ ഉടമസ്ഥതയിലുള്ള ഈ ഗോൾഡ് ഫാക്ടറിയിൽ പണിക്കൂറിന്റെ പകിട്ടേറിയ പത്തരമാറ്റ് പൊൻപണ്ടങ്ങൾ പണിയുന്നവരെക്കുറിച്ച്....
സ്വർണച്ചാമരം വീശിയെത്തിയ സ്വപ്‌നങ്ങൾ ഒരു നാൾ യാഥാർഥ്യമായി. തൃശൂർ അന്തിക്കാട്ടുകാരൻ കെ.വി മോഹന്റെ അതിജീവനപാതയിൽ സൗഭാഗ്യം പൊന്നലുക്കുകൾ തൂക്കിയതിന് പിന്നിൽ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയോടൊപ്പം, അത്യധ്വാനം കൈമുതലാക്കിയ നൂറിലധികം ആഭരണത്തൊഴിലാളികളും അവരുടെ കരവിരുതുമൊളിഞ്ഞുകിടക്കുന്നു. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത, ഒരു വേള ഗൾഫ് രാഷ്ട്രങ്ങളിലെവിടേയും ഇത് വരെ ഉപയോഗിക്കാത്ത അത്യാധുനിക യന്ത്രങ്ങളുടെകൂടി സഹായത്തോടെയാണ് ഫാക്ടറിയുടെ പ്രവർത്തനം.
ഏഷ്യൻ ഉപഭോക്താക്കളുടെ ഇഷ്ടബ്രാന്റായ 22 ക്യാരറ്റ് സ്വർണം ഇവിടെ അപ്രാപ്യമായ എൺപതുകളുടെ ആദ്യപാതിയിൽ (1984) സോന ഇത് രംഗത്തിറക്കിയപ്പോൾ അക്ഷരാർഥത്തിൽ അതൊരു തരംഗമായി. പൊതുവേ 18, 21 ക്യാരറ്റ് ആഭരണങ്ങൾ മാത്രം വിപണി കീഴടക്കിയ അക്കാലത്ത് സൗദി സ്വർണവിപണിയിലേക്ക് ഏഷ്യക്കാർക്ക് പ്രിയംകരമായ 22 ക്യാരറ്റ് ആഭരണങ്ങൾ നിർമിച്ച് സോന ജനപ്രീതി നേടി. ഏറ്റവും ആധുനികവും ആകർഷകവുമായ ആഭരണങ്ങളാണ് 22 ക്യാരറ്റിന്റെ തിളക്കത്തിൽ ഉപഭോക്താക്കളെ കീഴടക്കിയത്. ക്രമേണ സൗദി വനിതകൾക്കിടയിലും 22 ക്യാരറ്റ് പ്രചാരം നേടി. ഇതോടൊപ്പം 18, 21 ക്യാരറ്റ് ആഭരണനിർമിതിയിലും സോന ഇപ്പോൾ തുടക്കം കുറുച്ചിരിക്കയാണ്. 22 ക്യാരറ്റ് സ്വർണാഭരണ നിർമാണത്തിനുള്ള ലൈസൻസ് നേടിയ സൗദിയിലെ ആദ്യ വിദേശനിക്ഷേപകൻ കൂടിയായ മോഹൻ വ്യത്യസ്ത മാതൃകയിലുള്ളതും സവിശേഷമായതുമായ ആഭരണങ്ങൾ നിർമിക്കാനായി റിയാദ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്വന്തമായി ഗോൾഡ് ഫാക്ടറി ആരംഭിച്ചു. നിരവധി പേർക്ക് ഉപജീവനമായി മാറിയ
ഈ ഫാക്ടറി, കഠിനാധ്വാനത്തിന്റെ ഒരു വിജയമുദ്രയായി പ്രവാസി സംരംഭക ചരിത്രത്തിൽ പതിഞ്ഞുകിടക്കുന്നു. സൗദി സ്ത്രീകളും സൗദി പുരുഷന്മാരുമായി എഴുപത് പേർക്കും പുറമെ 100 ഇന്ത്യക്കാർക്കും ജോലി നൽകുന്ന സോനയുടെ ആദ്യകാല മുദ്രാവാക്യം: നിങ്ങൾ ഡിസൈനുമായി വരിക, ഞങ്ങളത് ഭംഗിയോടെ നിർമിച്ചുതരാം എന്നായിരുന്നു. അത് സഫലമാക്കാൻ സോനയ്ക്ക് ഇതിനകം കഴിയുകയും ചെയ്തുവെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വിദഗ്ധരായ സ്വർണപ്പണിക്കാരെ തേടിപ്പിടിച്ച് മോഹൻ റിയാദിലേക്ക് കൊണ്ടുവന്നു. അവർക്ക് മികച്ച വേതനവും പാർപ്പിടവും മറ്റ് സൗകര്യങ്ങളും നൽകി. ആവശ്യക്കാരുടെ താൽപര്യമനുസരിച്ച്, അതിനൂതനമായ ഡിസൈനിലുള്ള ആഭരണങ്ങൾ, ഈ ജോലിക്കാർ നിർമിക്കുന്നു. രാവിലെ മുതലേ പൊന്നിന്റേയും തങ്കത്തിന്റേയും ലോകത്ത് പണിയെടുക്കുന്ന ഈ തൊഴിലാളികൾ നിശ്ചിതസമയത്ത് തന്നെ ആഭരണങ്ങൾ പണിത് നൽകുന്നു. പല ഘട്ടങ്ങളിലായാണ് ആഭരണങ്ങളുടെ നിർമിതി. ഇവയത്രയും സോനയുടെ ഔട്ട്‌ലെറ്റുകളിലും പുറമേ മറ്റ് ഹോൾസെയിൽ ഉപഭോക്താക്കൾക്കും യഥാസമയം എത്തിക്കുന്നു.
സ്വർണത്തിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കരകൗശലത്തിന്റേയും സർഗഭാവനയുടെയും സാഫല്യം കൂടിയാണ് ആധുനികരീതിയിലുള്ള ആഭരണങ്ങൾ. ഒരു തരത്തിലുള്ള ഉൽകൃഷ്ട കലാശിൽപം തന്നെ. മോതിരം, കമ്മൽ, ബ്രെയ്‌സ്‌ലെറ്റ്, നെക്ലെസ്, വള തുടങ്ങിയവയുടെ നിർമാണത്തിലെല്ലാം സോന അന്യൂനമായ നിർമാണ സവിശേഷതയാണ് കാഴ്ചവെക്കുന്നതെന്ന് സൗദിയിലേയും മറ്റ് ഗൾഫ് നാടുകളിലേയും ഉപഭോക്താക്കൾ സമ്മതിക്കുന്നതായി സോനാ മാനേജ്‌മെന്റ് അവകാശപ്പെടുന്നു.
റിയാദ്, ദമാം, ജിദ്ദ, ഹൊഫൂഫ്, ജുബൈൽ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലെ സോനാ ശാഖകളിൽ 22 ക്യാരറ്റിനൊപ്പം ഇപ്പോൾ 18, 21 ക്യാരറ്റ് ആഭരണങ്ങളും വിൽപനയ്ക്കുണ്ട്. ബഹ്‌റൈനിലേക്കും ഒമാനിലേക്കും ഇവിടെ നിർമിച്ച ആഭരണങ്ങൾ കയറ്റി അയക്കുന്നു. വിപണിയിലെ ഡിമാന്റനുസരിച്ച് 18, 21 ക്യാരറ്റുകളുടെ നിർമാണവും റിയാദ് ഫാക്ടറിയിൽ നടക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സോനയുടെ ഫിനിഷിംഗിലും പരിശുദ്ധിയിലും വിശ്വാസം വർധിച്ചതോടെ, മധ്യപൂർവദേശത്തെ മറ്റു രാജ്യങ്ങളിൽക്കൂടി പുതിയ ശാഖകളാരംഭിക്കുന്ന കാര്യം പരിഗണയിലുണ്ടെന്ന് സോനാ മാനേജ്‌മെന്റ് അറിയിച്ചു. കോവിഡാനന്തര വികസനഘട്ടത്തിൽ ഈ പ്രൊജക്ടിന് രൂപം നൽകാനാണ് പരിപാടി. ആവശ്യക്കാരോടുള്ള ആത്മാർഥവും സത്യസന്ധവുമായ പ്രതിബദ്ധത - അതാണ് ഞങ്ങളുടെ ലക്ഷ്യവും ആപ്തവാക്യവുമെന്ന് പാർട്ണറായ ശ്രീമതി സോനാ മോഹൻ മലയാളം ന്യൂസിനോട് പറഞ്ഞു.
എന്നും നിങ്ങളോടൊപ്പം, ഗുണമേന്മ, വിശ്വാസം, സേവനം, ഗ്യാരന്റി എന്നീ അടിസ്ഥാനശിലകളിൽ 36 - വർഷം മുമ്പ് പടുത്തുയർത്തിയ സോനയുടെ വിജയത്തിളക്കത്തിനു പിന്നിൽ റിയാദ് ഫാക്ടറിയിലെ സമർപ്പിത മനസ്‌കരായ തൊഴിലാളികളും, ജ്വല്ലറി മാർക്കറ്റിംഗ് രംഗത്തെ വിദഗ്ധരും സുശക്തമായ അഡ്മിനിസ്‌ട്രേഷൻ വിഭാഗവുമാണ്. കടുത്ത മൽസരം നടക്കുന്ന സ്വർണവ്യാപാര മേഖലയിൽ ആർജവത്തിന്റേയും ആത്മാർത്ഥതയുടേയും വിജയപതാക പാറിച്ച് പ്രൗഢിയോടെ നിലനിൽക്കാൻ കഴിയുന്നതിന്റെ പിന്നിൽ ജീവനക്കാരുടെ ടീം വർക്കും അർപ്പണബോധവും ഒപ്പം ഉപഭോക്താക്കൾക്ക്, മാറുന്ന കാലത്തിന്റെ പരിഷ്‌കാരങ്ങൾക്കും പ്രവണതകൾക്കുമൊപ്പം പുതിയ അഭിരുചികളിലുള്ള അഴകാർന്ന ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ വിപണനനയം കൂടിയാണുള്ളതെന്നും സോന മാനേജ്‌മെന്റ് അടിവരയിടുന്നു.
നിലവാരത്തിൽ മേന്മ കൂട്ടുന്നതോടൊപ്പം വിലയിലും വിപണി മൂല്യം കാത്ത് സൂക്ഷിക്കുകയും ഉപഭോക്താക്കൾക്ക് സംതൃപ്തി നൽകുകയും ചെയ്യുകയെന്ന നയമാണ് ആരംഭം തൊട്ടേ സ്വീകരിക്കുന്നത്. അത് കൊണ്ടുതന്നെ പ്രതിസന്ധിഘട്ടത്തിൽ പല ജ്വല്ലറികളും അടച്ചിടാൻ നിർബന്ധിതമായെങ്കിലും സോനയ്ക്ക് അതിജീവിക്കാൻ സാധിച്ചിരിക്കുന്നു.
സ്വർണം അഥവാ സോന, ഉടമയുടെ പേരും സോന!
സോന എന്നാൽ സ്വർണം. തൃശൂർ മുണ്ടൂരിലെ വടേരി ആട്ടിൽ ഗംഗാധരന്റെ മകൾക്ക് ഈ പേരിട്ടയാളുടെ നാക്ക് പൊന്നായിത്തീർന്നോ ആവോ ?
പിൽക്കാലത്ത് സൗദി സ്വർണവിപണിയിൽ വിപ്ലവം സൃഷ്ടിച്ച സോനാ ഗോൾഡിന്റെ ഉടമ കെ.വി മോഹന്റെ ജീവിതപങ്കാളിയും തുടർന്ന് ബിസിനസ് പങ്കാളിയുമായിത്തീർന്ന സോനയുടെ കൂടി കഠിനാധ്വാനത്തിന്റേയും നേതൃപരമായ ഇടപെടലിന്റേയും ഫലമാണ് ഈ സ്ഥാപനത്തെ വിജയത്തിലെത്തിച്ചത്. സോനയുടെ ചാരിറ്റി പ്രവർത്തനങ്ങളും ഒപ്പം വികസനപദ്ധതികളും തയാറാക്കുന്നതിൽ സോനാ മോഹൻ നിർണായകപങ്ക് വഹിക്കുന്നു. ഏറ്റവും പുതിയ ആഭരണ ഡിസൈനുകൾ ആഗോളവിപണിയിൽ നിന്ന് കണ്ടെത്താനും പുതിയ ട്രെന്റുകൾക്ക് രൂപം കൊടുക്കാനും ഫാക്ടറിയിലെ തൊഴിലാളികൾക്ക് നിർദേശം നൽകുന്നതിനും ഇവർ സമയം കണ്ടെത്തുന്നു.
മക്കളായ ശ്യാം മോഹനും വിവേക് മോഹനും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ജനറൽ മാനേജർ സൂരജ് നമ്പ്യാർ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ജിൻഷാദ്, മാർക്കറ്റിംഗ് മാനേജർ മനു വിശ്വം എന്നിവരടങ്ങിയ സുശക്തമായ ടീമാണ് സോനയുടെ മറ്റ് വിജയശിൽപികൾ.