തിരുവനന്തപുരം- ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കേണ്ട കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തില്ല. മന്ത്രിയുടെ രാജിക്കാര്യം സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. നിയമോപദേശം ലഭിക്കുന്നത് വരെ കാത്തിരിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നിയമോപദേശം ലഭിച്ച ശേഷം ആവശ്യമെങ്കിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അതിനിടെ, മന്ത്രി തോമസ് ചാണ്ടിയുടേത് ഗുരുതര നിയമലംഘനമെന്നാണ് ജില്ലാ കലക്ടർ ടി.വി.അനുപമ സർക്കാരിനെ അറിയിച്ചതെന്ന് റിപ്പോർട്ട്. റോഡ് നിർമാണത്തിൽ കടുത്ത നിയമലംഘനമുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെൽവയൽ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയൽനികത്തുന്നതിന് സർക്കാരിന്റെ അനുവാദം വാങ്ങിയില്ലെന്നുമാണ് റിപ്പോർട്ട്. 2003 നുശേഷം റിസോർട്ട് ഭൂമിയുടെ രൂപത്തിൽ മാറ്റം വന്നുവെന്നും മറ്റൊരാളുടെ പേരിലാണെങ്കിലും കമ്പനിയുടെ നിയന്ത്രണത്തിൽ അനുമതി വാങ്ങാതെ പാർക്കിംഗ് ഗ്രൗണ്ട് നിർമിച്ചുവെന്നും കലക്ടർ സ്ഥിരീകരിച്ചു. സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ്. പാർക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയിലുള്ളതാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ വസ്തുതകൾ പരിശോധിക്കാതെ റിപ്പോർട്ട് നൽകി. റോഡിന് അംഗീകാരം നൽകണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
അതിനിടെ, തോമസ് ചാണ്ടിയുടെ നിലംനികത്തൽ വിഷയത്തിൽ സി.പി.എം നിലപാട് ഇന്നറിയാം. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. വിജിലൻസ് കോടതി ത്വരിതാന്വേഷണം നിർദേശിച്ച സാഹചര്യത്തിൽ സി.പി.എം നിലപാടു കടുപ്പിക്കാനാണു സാധ്യത. എന്നാൽ അഭിപ്രായമൊന്നും പറയാതെ വിഷയം എൽ.ഡി.എഫിനു വിടാനും സാധ്യതയുണ്ട്. തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എമ്മിൽ വ്യത്യസ്ത അഭിപ്രായം നിൽനിൽക്കുന്ന സാഹചര്യത്തിലാണിത്. നിയമസഭയിലും പുറത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. എന്നാൽ ജനജാഗ്രതയാത്രയ്ക്കിടെ മന്ത്രി നടത്തിയ പ്രസ്താവനകൾ സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എൽ.ഡി.എഫ് യോഗം വിളിക്കാനും സിപിഎംസിപിഐ ഉഭയകക്ഷി ചർച്ചയ്ക്കും സാധ്യതയുണ്ട്. രാജിവെക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി തോമസ് ചാണ്ടിക്കുപിന്നിൽ എൻ.സിപി ഉറച്ച് നിൽക്കുകയാണ്. സിപിഐ നിലപാട് കടുപ്പിച്ച സാഹചര്യവും സി.പി.എമ്മിന് പരിഗണിക്കാതിരിക്കാനാവില്ല.