Sorry, you need to enable JavaScript to visit this website.

തമിഴ്നാട്ടിൽ അഞ്ചു പേരെ കൊലപ്പെടുത്തിയ  ഒറ്റക്കൊമ്പൻ മുണ്ടേരി വനത്തിലെത്തി  

ആക്രമണകാരിയായ കൊമ്പൻ മുണ്ടേരി വനത്തിലെത്തിയപ്പോൾ പകർത്തിയ ചിത്രം.

എടക്കര- തമിഴ്നാട് പന്തല്ലൂരിൽ അഞ്ചു പേരെ കൊലപ്പെടുത്തിയ ആക്രമണകാരിയായ കാട്ടാന നിലമ്പൂർ വനത്തിലത്തെി. നിലമ്പൂർ റേഞ്ച് പരിധിയിലെ മുണ്ടേരി ഉൾവനത്തിലെ കുമ്പളപ്പാറ, വാണിയംപുഴ ഭാഗത്താണ് കൊലയാളി കാട്ടാന എത്തിയതായി ദൗത്യസംഘം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെ പന്തല്ലൂർ പുഞ്ചക്കൊല്ലി ആനപ്പള്ളത്ത് വീടിനു സമീപത്തുനിന്നു ഈ ആന രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നു. ഗൂഢല്ലൂർ പഞ്ചായത്ത് യൂനിയൻ കൗൺസിലർ ആനന്ദരാജ് എന്ന കണ്ണൻ (49), മകൻ പ്രശാന്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചക്കിടെ അഞ്ചു പേരെയാണ് ഒറ്റക്കൊമ്പൻ ശങ്കർ എന്നു വിളിപ്പേരുള്ള ആന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതോടെ ഒരുമാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ ഗൂഢല്ലൂർ-വൈത്തിരി-കോഴിക്കോട് റോഡ് ഉപരോധിക്കുകയും തൊഴിലാളികൾ പണിമുടക്കുകയും പന്തല്ലൂർ താലൂക്കിൽ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. 


നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു നടത്തിയ ചർച്ചയിൽ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ടു ലക്ഷം ഉൾപ്പെടെ പത്തു ലക്ഷം നൽകാനും തീരുമാനിച്ചു. കൊലയാളി ആനയെ മയക്കുവെടി വെച്ചു പിടികൂടി മുതുമല ആനവളർത്തൽ കേന്ദ്രത്തിലാക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി മുതുമലയിൽ നിന്നും വസീം, ബൊമ്മൻ, ആനമല ക്യാമ്പിൽ നിന്നും കലീം എന്നീ കുങ്കിയാനകളെ എത്തിക്കുകയും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചെങ്കിലും പന്ത്രണ്ടോളം വരുന്ന ആനക്കൂട്ടത്തിന്റെ സഹായത്തോടെ ഈ ഒറ്റക്കൊമ്പനും വനത്തിലേക്കു കടന്നു. തുടർന്ന് മൂന്ന് ഡ്രോൺ കാമറകളുടെ സഹായത്തിൽ നിരീക്ഷണം നടത്തുകയും 25 ഓളം കാമറകൾ വനത്തിൽ സ്ഥാപിച്ചും 40 ഓളം വരുന്ന ആളുകൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഒടുവിലാണ് കാൽപാടുകൾ പരിശോധിച്ച് കേരളത്തിലേക്കു കടന്നതായി മനസ്സിലാക്കിയത്. 


ചേരമ്പാടി, കോട്ടമല, ഗ്ളെൻ റോക്ക് വഴിയാണ് ഒറ്റയാൻ നിലമ്പൂർ വനത്തിലേക്കു പ്രവേശിച്ചതായി മനസ്സിലാക്കിയത്. തുടർന്ന് തമിഴ്നാട് വനം ഡി.എഫ്.ഒ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒയുമായി ബന്ധപ്പെട്ട ശേഷം 15 ഓളം പേരടങ്ങുന്ന മുതുമല എലിഫെന്റ് ട്രാക്കിംഗ് ടീം പോത്തുകൽ, മുണ്ടേരി വനഭാഗത്തത്തെുകയായിരുന്നു. തുടർന്നുള്ള ആന്വേഷണത്തിലാണ് ഇരുട്ടുകുത്തി, വാണിയംപുഴ ഭാഗത്ത് ഒറ്റക്കൊമ്പൻ ശങ്കറിനെ കണ്ടത്തെിയതായി ആദിവാസികൾ വിവരം നൽകിയത്. കോളനിയിലെ രണ്ടു ആദിവാസികൾക്കു പിറകെ കിലോമീററോളം ദൂരത്തിൽ ആന പിന്തുടർന്നതായി ഇവർ പറഞ്ഞു. ആദിവാസികളുമായി കൂടിക്കാഴ്ച നടത്തി ഒറ്റക്കൊമ്പൻ ശങ്കർ എന്ന ആന തന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് സംഘം മടങ്ങിയത്. മയക്കുവെടിയേറ്റിട്ടും രക്ഷപ്പെട്ട കൊമ്പൻ ആക്രമണസ്വഭാവം കാണിക്കുമെന്നും മനുഷ്യഗന്ധം പിന്തുടർന്ന് എത്തുന്നതുമായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. പൂർണ ആരോഗ്യവാനായ കാട്ടാനയെ നിരീക്ഷിച്ച് പ്രത്യേക എലിഫെന്റ് സ്‌ക്വാഡ് രൂപവൽക്കരിച്ച് വനത്തിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Latest News