റിയാദ്- നിയമ ലംഘനങ്ങൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്ക് മേൽ ചുമത്തിയ പിഴകൾക്ക് പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകാരം നൽകി. റിയൽ എസ്റ്റേറ്റ് ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ചുമതല വാണിജ്യ മന്ത്രാലയത്തിൽ നിന്ന് പാർപ്പിടകാര്യ മന്ത്രാലയത്തിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമ ലംഘനങ്ങൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്കുള്ള പിഴകൾ പാർപ്പിടകാര്യ മന്ത്രാലയം പ്രത്യേകം നിർണയിച്ച് അംഗീകാരം നൽകിയത്.
ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1000 റിയാലും മൂന്നാം 25,000 റിയാൽ വരെയും പിഴ ചുമത്തും. സ്വതന്ത്രവും അനുയോജ്യവുമായ സ്ഥലത്ത് റിയൽ എസ്റ്റേറ്റ് സ്ഥാപനം തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതിനും ഇതേ ശിക്ഷകളാണ് ലഭിക്കുക.
വാടക കരാർ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് ആദ്യ തവണ 1000 റിയാലും രണ്ടാം തവണ 2500 റിയാലും മൂന്നാം തവണ 25,000 റിയാൽ വരെയും പിഴ ലഭിക്കും. വാടക കരാർ തീയതിയും നമ്പറും രേഖപ്പെടുത്താത്ത രസീതി നൽകുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും ഇതേ ശിക്ഷകളാണ് ലഭിക്കുക.
വിൽപന ഇടപാടിന്റെയോ ഒരു വർഷ വാടകയുടെയോ രണ്ടര ശതമാനത്തിൽ കൂടുതൽ കമ്മീഷൻ ഈടാക്കുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്ക് ആദ്യ തവണ 3000 റിയാലും രണ്ടാം തവണ 6000 റിയാലും മൂന്നാം തവണ 25,000 റിയാലിൽ കവിയാത്ത തുകയും പിഴ ചുമത്തും. റിയൽ എസ്റ്റേറ്റ് ഓഫീസ് ഉടമയും വിൽപനക്കാരനും വാങ്ങുന്നയാളും തമ്മിൽ വിൽപന കമ്മീഷൻ നിർണയിക്കാതിരിക്കൽ, കമ്മീഷൻ വഹിക്കേണ്ട കക്ഷികളെ നിർണയിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് ആദ്യ തവണ 1500 റിയാലും രണ്ടാം തവണ 3000 റിയാലും മൂന്നാം തവണ 25,000 റിയാൽ വരെയും പിഴയാണ് ശിക്ഷ.
വസ്തുവകകൾ വാങ്ങുന്നവരിൽ നിന്നോ വാടകക്കാരിൽ നിന്നോ സ്വീകരിക്കുന്ന പണം മറ്റു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്ക് ആദ്യ തവണ 3,000 റിയാലും രണ്ടാം തവണ 6,000 റിയാലും മൂന്നാം തവണ 25,000 റിയാൽ വരെയും പിഴ ലഭിക്കും. റിയൽ എസ്റ്റേറ്റ് ഓഫീസ് ഉടമയോ കെട്ടിടത്തിന്റെ ഉടമയോ ഇവരുടെ നിയമാനുസൃത പ്രതിനിധികളോ അല്ലാത്തവർ പണമോ ചെക്കോ സ്വീകരിക്കുന്ന പക്ഷം ആദ്യ തവണ 1500 റിയാലും രണ്ടാം തവണ 3000 റിയാലും മൂന്നാം തവണ 25,000 റിയാൽ വരെയും പിഴ ലഭിക്കും.
റിയൽ എസ്റ്റേറ്റ് ഓഫീസ് ഉടമ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിൽ നിർണയിക്കാത്ത മറ്റു പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചാൽ ആദ്യ തവണ 2000 റിയാലും രണ്ടാം തവണ 4000 റിയാലും മൂന്നാം തവണ 25,000 റിയാൽ വരെയും പിഴ ലഭിക്കും. ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുള്ള വസ്തുവകകൾ വിൽക്കാനോ വാടകക്കു നൽകാനോ മധ്യവർത്തികളായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്കും ഉടമസ്ഥാവകാശ രേഖയുടെ കോപ്പിയില്ലാതെ വസ്തുവകകൾ വിൽക്കാനോ വാടകക്കു നൽകാനോ മധ്യവർത്തികളായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്കും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടാതിരിക്കുന്നതിനും ഇതേ ശിക്ഷയാണ് ലഭിക്കുക.
രേഖകളും പ്രമാണങ്ങളും ഉടമകൾക്ക് ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്ത പക്ഷം ആദ്യ തവണ 1000 റിയാലും രണ്ടാം തവണ 2000 റിയാലും മൂന്നാം തവണ 25,000 റിയാൽ വരെയും പിഴ ലഭിക്കും. സൗദികളല്ലാത്തവർ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ നടത്തിപ്പ് വഹിച്ചാൽ ആദ്യ തവണ 5000 റിയാലും രണ്ടാം തവണ 10,000 റിയാലും മൂന്നാം തവണ 25,000 റിയാലും പിഴ ലഭിക്കും. മുകൡ പരാമർശിച്ച ഏതു നിയമ ലംഘനങ്ങളും നാലാം തവണയും ആവർത്തിക്കുന്ന സ്ഥാപനം ഒരു വർഷത്തിൽ കവിയാത്ത കാലത്തേക്ക് അടപ്പിക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.