Sorry, you need to enable JavaScript to visit this website.

കവിക്കൊപ്പം ജീവിച്ച യു.പി സ്വദേശിക്ക് അസീറിൽ അന്ത്യവിശ്രമം

അസീർ- അസീർ പ്രവിശ്യയുടെ തലസ്ഥാനമായ അബഹയിൽ  നിന്നും 100 കിലോമീറ്റർ അകലെ ഹറജയിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ബദർ ആലത്തിന്റെ ഖബറടക്കൽ ഹറജയിൽ നടന്നു. ഖബറടക്കലിനും, മരണാനന്തര ചടങ്ങുകളിലും നൂറോളം സ്വദേശി പൗരപ്രമുഖരാണ് പങ്കെടുത്തത്. 
സൗദിയിലെ പ്രശസ്ത കവിയും കലാകാരനുമായ അലി ബിൻ മുഹമ്മദ് ബിൻ ഹമ്രിയുടെ ഡ്രൈവറും, സന്തത സഹചാരിയുമായിരുന്നു ബദർ. ശ്വാസ തടസ്സത്തെ തുടർന്ന് ഹറജ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ച ആലം ഹൃദയ സ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ അസീർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഷ്‌റഫ് കുറ്റിച്ചൽ ശരിയാക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ അടക്കം അലിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ബദറിനെ ഒരു മകനു തുല്യമായിട്ടാണ് സ്‌പോൺസർ പരിഗണിച്ചിരുന്നത്. ആലത്തിന്റെ  മരണം വലിയ ആഘാതമാണ് തന്റെ കുടുംബത്തിനേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബദർ ആലമിന് ഭാര്യയും ഒരു മകനുമുണ്ട്. നാട്ടിൽ കഴിയുന്ന ബദറിന്റെ കുടുംബത്തിന്റെ മുഴുവൻ ചെലവും ബിൻ ഹമ്രി ഏറ്റെടുത്തു. മകന്റെ വിദ്യാഭ്യാസം പൂർണ്ണമായും ഏറ്റെടുത്ത ബിൻ ഹമ്രി ബദറിനു കൊടുത്തിരുന്ന ശമ്പളം മുടങ്ങാതെ താൻ മരിക്കുന്നതുവരെ എത്തിച്ചുകൊടുക്കുമെന്നും പറഞ്ഞു. 24 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഇതെന്നും, ആദ്യമായാണ് ഒരു ഗാർഹിക തൊഴിലാളിയെ തൊഴിലുടമ ഇത്രയേറെ സ്‌നേഹിക്കുന്നതും, മരണാനന്തരവും പൗര പ്രമുഖരെ മുഴുവൻ പങ്കെടുപ്പിച്ച് വലിയ ആദരവോടുകൂടി മറവുചെയ്യുന്നത് കാണുന്നതെന്നും കോൺസുലേറ്റിന്റെ ജീവകാരുണ്യ വിഭാഗം കമ്മറ്റി അംഗം കൂടിയായ അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു. 
യാത്രാ വിലക്കുകൾ മാറി വിമാന സർവ്വീസ് തുടങ്ങിയാൽ ഇന്ത്യയിലെ ബദറിന്റെ വീടു സന്ദർശിക്കുമെന്നും ഒരു കുടുംബാഗത്തിന് ജോലി നൽകുമെന്നും അലി അറിയിച്ചു . ബദറിന്റെ മരണത്തോടനുബന്ധിച്ചു ആയിരക്കണക്കിനു ആളുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചത്. പ്രശസ്തരായ ധാരാളം സുഹൃത്തുക്കൾ മരിച്ച ബദറിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും ബിൻ ഹമ്രി കൂട്ടിച്ചേർത്തു. ചടങ്ങുകളിൽ പങ്കെടുത്ത ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ പ്രതിന്ധികളായ ബിജു കെ നായർക്കും, അഷ്‌റഫ് കുറ്റിച്ചലിനും, ഹബീബ് കെ.പി ക്കും അദ്ദേഹം നന്ദി അറിയിച്ചു.


 

Latest News