Sorry, you need to enable JavaScript to visit this website.

വാക്‌സിനേഷൻ: മൂന്നു ലക്ഷം പേർ രജിസ്റ്റർ ചെയ്തു

റിയാദ് - കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്താൻ മൂന്നു ദിവസത്തിനിടെ മൂന്നു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാർ പറഞ്ഞു. കുത്തിവെപ്പ് നടത്തുന്നതിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം അനുനിമിഷം വർധിച്ചുവരികയാണ്. ഓരോ പ്രവിശ്യയുടെയും ആവശ്യത്തിനനുസരിച്ച് മൂന്നാഴ്ചക്കുള്ളിൽ കൊറോണ വാക്‌സിൻ വിതരണം ചെയ്യും. ജനുവരിയിൽ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും. 
കൊറോണ വാക്‌സിൻ എടുക്കൽ നിർബന്ധമല്ല. ഇഷ്ടമുള്ളവർ പ്രതിരോധ കുത്തിവെപ്പ് നടത്തിയാൽ മതി. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നില്ല എന്നതിനർഥം രാജ്യത്ത് കൊറോണ മഹാമാരി തുടരുമെന്നും ഗുരുതരമായ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം ഉയരുമെന്നുമാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നാൽ മരണങ്ങളുമുണ്ടാകും. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത ചില രാജ്യങ്ങൾ രോഗവ്യാപനത്തിന്റെ വലിയ തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരെ 'സിഹതീ' ആപ് വഴി നിരീക്ഷിക്കും. കുത്തിവെപ്പ് എടുക്കുന്നവരിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഏതു പാർശ്വഫലങ്ങളും ആപ് വഴി നിരീക്ഷിക്കും. പാർശ്വഫലങ്ങൾ നിരീക്ഷിച്ച് രജിസ്റ്റർ ചെയ്ത് പഠനവിധേയമാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കും. പഠന റിപ്പോർട്ട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്ക് കൈമാറുകയും രോഗികളെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുമെന്ന് ഡോ. ഹാനി ജോഖ്ദാർ പറഞ്ഞു.
രാജ്യത്ത് 60 മുതൽ 70 ശതമാനം വരെ സ്വദേശികളും വിദേശികളും കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്നതായി അഭിപ്രായ സർവേയിൽ വ്യക്തമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി പറഞ്ഞു. കൊറോണ പ്രതിസന്ധിയിൽ നിന്ന് പുറത്തു കടക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് പ്രതിരോധ കുത്തിവെപ്പ്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ സമൂഹം കാണിച്ച അവബോധത്തിന് വലിയ പങ്കുണ്ടായിരുന്നു. സ്വദേശികളും വിദേശികളും വലിയ തോതിൽ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചു. കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്ത് ഈ അവബോധം സ്വദേശികളും വിദേശികളും തുടരണമെന്നാണ് പ്രത്യാശിക്കുന്നത്. 
നിലവിൽ റിയാദിൽ ഒരു വാക്‌സിൻ സെന്റർ വഴിയാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ഇവിടെ 600 ലേറെ കിടക്കകളുണ്ട്. ഇവിടെ 100 ലേറെ ആരോഗ്യ പ്രവർത്തകർ സേവനമനുഷ്ഠിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന 30,000 പേരെ വീതം സ്വീകരിക്കാൻ സാധിക്കും വിധമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. മറ്റു നഗരങ്ങളിലും പ്രവിശ്യകളിലും വാക്‌സിൻ സെന്ററുകൾ തുറക്കുമെന്നും ഡോ. അബ്ദുല്ല അൽഅസീരി പറഞ്ഞു.
 

Latest News