കൊച്ചി- മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ആരാധകൻ എന്ന നിലയിൽ മാധ്യമങ്ങളിലൂടെ പ്രശസ്തനായ കൊല്ലം കോയിവിള കല്ലേരിക്കൽ മുക്കിൽ ശിവദാസനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പറവൂർ ഏഴിക്കര കൈതാരം കോടതിക്കു സമീപം കൈതപ്പിള്ളിപ്പറമ്പിൽ രാജേഷിനെ(സുധീർ-40) അറസ്റ്റ് ചെയ്തു.
മറൈൻ െ്രെഡവിലെ കലാം മാർഗിൽ സ്ഥാപിച്ചിട്ടുള്ള കലാം പ്രതിമയ്ക്കു മുൻപിൽ നിത്യവും പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തതിലൂടെ പ്രശസ്തനായ ശിവദാസനോടുള്ള അസൂയയാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസനെ പലരും അന്വേഷിച്ചെത്തുന്നതും സാമ്പത്തിക സഹായം നൽകുന്നതും പതിവായിരുന്നു. മറൈൻഡ്രൈവിലെ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രതിയിൽ അസൂയയുണ്ടാക്കി. 15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞതാണു മരണകാരണമായത്. സംശയം തോന്നിയ രാജേഷിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.