ജിദ്ദ - ഹജ് വെൽഫെയർ ഫോറം ജിദ്ദ ഓൺലൈനിൽ 'ഫാറൂഖ് ശാന്തപുരം' അനുസ്മരണം സംഘടിപ്പിച്ചു. ജന സേവനം, പത്രപ്രവർത്തനം, സാമൂഹ്യ സേവനം, ആത്മീയ പ്രവർത്തനം എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായും നിരന്തരമായും ഇടപെട്ടും നേതൃത്വം നൽകിയും മികച്ച സഹകാരിയായും മരണം വരെ വിശ്രമമില്ലാതെ പ്രവർത്തിച്ച ഫാറൂഖ് ശാന്തപുരത്തിന്റെ സേവനങ്ങൾ ഹജ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ ഓർത്തെടുത്തു. ഫാറൂഖ് ശാന്തപുരത്തിന്റെ അകാല വിയോഗത്തിൽ എല്ലാവരും ദുഃഖം രേഖപ്പെടുത്തി.
ഫോറത്തിന്റെ ആദ്യകാല പ്രവർത്തകരും നേതാക്കളും നിലവിലെ നേതാക്കളും അംഗങ്ങളും അനുസ്മരണത്തിൽ ഒന്നിച്ചിരുന്ന് ഫാറൂഖ് ഓർമകൾ പങ്കുവെച്ചു.
ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നെത്തുന്ന ഹാജിമാരെ സഹായിക്കാൻ രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ജിദ്ദ മലയാളികൾ രൂപവത്കരിച്ച സംഘടന വ്യവസ്ഥാപിതവും സുശക്തവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിൽ ആദ്യകാല നേതാക്കൾ സന്തുഷ്ടി രേഖപ്പെടുത്തി. ജിദ്ദയിൽ തിരിച്ചെത്തിയ പ്രതീതി അനുഭവപ്പെട്ടതായി വെർച്വൽ മീറ്റിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഹജ് വെൽഫെയർ ഫോറം സംഘാടനത്തിന് ചെലുത്തിയ അധ്വാനം, ആദ്യകാല അനുഭവങ്ങൾ, ഫാറൂഖ് ശാന്തപുരം നിർവഹിച്ച കർത്തവ്യങ്ങൾ എന്നിവ വിശദമായി യോഗത്തിൽ പങ്കെടുത്ത ആദ്യകാല നേതാക്കൾ പങ്കുവെച്ചു. ആദ്യകാല നേതാക്കളായ ചെമ്പൻ മൊയ്തീൻകുട്ടി, എൻ.മുഹമ്മദ്കുട്ടി, സി.വി അബൂബക്കർ, അബ്ദുൽ ഹമീദ് പന്തല്ലൂർ, കുഞ്ഞാവുട്ടി അബ്ദുൽ ഖാദർ, പി.എം.എ ജലീൽ, സയ്യിദ് സഹൽ തങ്ങൾ എന്നിവരാണ് നാട്ടിൽ നിന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്തത്. ഹജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ചെമ്പൻ അബ്ബാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ജനറൽ കൺവീനർ മാമദു പൊന്നാനി സ്വാഗതവും ട്രഷറർ ബഷീർ മമ്പാട് നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, ജനറൽ കോർഡിനേറ്റർ സി.എച്ച്.ബഷീർ, വളണ്ടിയർ ക്യാപ്ടൻ എ.കെ.സൈതലവി എന്നിവർ നേതൃത്വം നൽകി.
ഹജ് വെൽഫെയർ ഫോറത്തിന്റെ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് നവോദയ രക്ഷാധികാരി വി.കെ.റഊഫ്, കെ.എം.സി.സി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി ജിദ്ദ പ്രസിഡണ്ട് കെ.ടി.എ മുനീർ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, സീനിയർ നേതാക്കളായ മജീദ് നഹ, അലി തേക്കുതോട്, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, അഷ്‌റഫ് വടക്കേക്കാട്, ന്യൂഏജ് പ്രസിഡണ്ട് പി.പി.റഹീം, നേതാക്കളായ സത്താർ കണ്ണൂർ, ലിയാഖത്ത് കോട്ട, പ്രവാസി സാംസ്‌ക്കാരിക സമിതി നേതാവ് ഇസ്മായിൽ കല്ലായി, സിജി ഇന്റർനാഷണൽ ചെയർമാൻ മുസ്തഫ കാപ്പുങ്ങൽ, ജെ.എസ്.എഫ് ചെയർമാൻ കെ.ടി.അബൂബക്കർ, ജനറൽ സെക്രട്ടറി നാസർ വേങ്ങര, ഡോ.മുഹമ്മദ് അഷ്‌റഫ്, എം.എ.ആർ നെല്ലിക്കുന്ന്, ഐ.ഡി.സി പ്രതിനിധി ഷാനവാസ് വണ്ടൂർ, മീഡിയ ഫോറം പ്രതിനിധികളായ പി.എം മായിൻകുട്ടി, കബീർ കൊണ്ടോട്ടി, സാമൂഹ്യ പ്രവർത്തകരായ യഹിയ മേലാറ്റൂർ, അൻവർ വടക്കാങ്ങര എന്നിവർ സംസാരിച്ചു.