കൊച്ചി- സ്വപ്നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റെ കമ്മീഷന്‍ പണമാണെന്നു ആവര്‍ത്തിച്ച് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ എതിര്‍വാദമുന്നയിച്ചു. സ്വപ്നക്ക് 60 ലക്ഷം രൂപ ഒറ്റക്ക് സ്വരൂപിക്കാന്‍ കഴിയില്ലെന്നും ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചു. വേണുഗോപാലിനെ കൂട്ടി ജോയിന്റ് അക്കൗണ്ട് തുറന്നത് സ്വപ്നയെ വിശ്വാസമില്ലാത്തതുകൊണ്ടാവാമെന്നും ഇ.ഡി വ്യക്തമാക്കി. ശിവശങ്കറിനു ജാമ്യം അനുവദിക്കരുതെന്നും കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചു.
ലോക്കറിലെ പണം സ്വപ്നയുടേതാണെന്ന് വാദത്തിന് അംഗീകരിച്ചാല്‍ പോലും ശിവശങ്കര്‍ സഹായം ചെയ്തതിന് തെളിവുണ്ടെന്നും ഇ.ഡി അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതിക്ക് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറരുതെന്നും തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നും ഇ.ഡി പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് അന്വേഷണാവസ്ഥയിലിരിക്കുന്ന കേസിനെ ബാധിക്കുമെന്നും ഇ.ഡി വാദിച്ചു. ലോക്കറിലെ പണം സംബന്ധിച്ചു ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതേ നിലപാട് വീണ്ടും ഇ.ഡി ആവര്‍ത്തിക്കുകയായിരുന്നു.