ന്യൂദല്‍ഹി- ക്രൂഡ് ഓയിലിന്റെ വിലയിടിവും രാഷ്ട്രീയ സംഘര്‍ഷങ്ങളുംമൂലം ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഓളങ്ങള്‍ അറബിക്കടല്‍ കടന്ന് ഇന്ത്യയിലുമെത്തുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ലക്ഷണക്കണക്കിനു വരുന്ന പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന പണം ഗണ്യമായി കുറഞ്ഞു.
ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്കയച്ച പണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനം ഇടിവുണ്ടായി. ഇതിനു പ്രധാന കാരണമായി പറയുന്നത് ഗര്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ സമ്പദ്ഘടനയിലുണ്ടായ ഞെരുക്കങ്ങളാണ്.
പ്രവാസികളുടെ പണം സ്വീകരിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ 2014-15 വര്‍ഷം 4.38 ലക്ഷം കോടി രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് 2016 ല്‍ 3.66 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. 12 ശതമാനം കുറവാണ് ഇക്കാലയളവിലുണ്ടായത്. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കം മൂലമുണ്ടായ ശമ്പളം വെട്ടിക്കുറക്കല്‍, ജോലിയില്‍നിന്നു പിരിച്ചു വിടല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യയിലേക്കുള്ള പണം അയക്കലിനെ ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
പ്രവാസികളുടെ പണം സ്വീകരിക്കുന്ന കാര്യത്തില്‍ ലോകത്ത് ഇന്ത്യ ഒന്നാമതാണെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമെ ഇതു വരുന്നുള്ളൂ. അതേസമയം, സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ ചിലയിടങ്ങളില്‍ പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ താങ്ങായി വര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 36 ശതമാനവും പ്രവാസികള്‍ അയക്കുന്ന പണമാണ്. മാത്രവുമല്ല ഗാര്‍ഹിക ഉപഭോഗത്തിലും കാര്യമായ സംഭാവന പ്രവാസികളുടെ പണത്തിനുണ്ട്.
ഇതിനു പുറമെ വ്യാപാര കമ്മി നേരിടുന്ന അടിയന്തരഘട്ടങ്ങളിലും പ്രവാസികള്‍ അയക്കുന്ന പണം സമ്പദ്ഘടനയ്ക്ക് വലിയ ആശ്വാസമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കയറ്റുമതി മൂല്യത്തെ മറികടക്കുന്ന സാഹചര്യത്തെയാണ് വ്യാപാര കമ്മി എന്നു വിശേഷിപ്പിക്കുന്നത്. വ്യാപാര കമ്മി ഉയരുന്ന ഘട്ടങ്ങളില്‍ പ്രവാസികള്‍ അയക്കുന്ന പണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു.
പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അവിദഗ്ധ, അര്‍ദ്ധ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റവും ഉണ്ട്. പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള കുടിയേറ്റം നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പണം അയക്കല്‍ ചുരുങ്ങിയാല്‍ ഈ സംസ്ഥാനങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലവസരങ്ങളും നഷ്ടമാകും.
വിദേശ കാര്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുള്‍ പ്രകാരം, 85 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2.77 ലക്ഷം ഇന്ത്യക്കാരാണ് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്കു പോയത്. ഇവരില്‍ ഭൂരിഭാഗവും- 1.10 ലക്ഷം പേര്‍ യുഎഇയിലാണ് എത്തിയത്. സൗദി അറേബ്യയില്‍ 59,911 പേരും ഒമാനില്‍ 42,095 പേരും, കുവൈത്തില്‍ 40,010 പേരും ബഹ്‌റൈനില്‍ 7,591 പേരും എത്തി. ഇവരിലേറെയും പോയിട്ടുള്ളത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. 62,438 പേരാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് പോയത്. പശ്ചിമ ബംഗാളില്‍ നിന്ന് 25,819 പേരും തമിഴ്‌നാട്ടില്‍ നിന്നും 24,003 പേരും ഈ ഏഴുമാസത്തിനിടെ തൊഴില്‍ തേടി ഗള്‍ഫിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പകരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ കൂടുതലായി ഗള്‍ഫിലേക്കു പോകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലാവട്ടെ, ഇന്ത്യക്കാര്‍ക്കു പകരം വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യക്കാരെയാണ് കൂടുതലായി പരിഗണിച്ചു വരുന്നത്.
ഇന്ത്യക്കാരായ പ്രവാസികളില്‍ വലിയൊരു ശതമാനവും വിദഗ്ധ, അര്‍ധ വിദഗ്ധ തൊഴില്‍ മേഖലകളിലാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്കു വരുന്ന പ്രവാസി പണത്തിന്റെ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. പ്രധാനമായും സേവന, ഐ.ടി രംഗങ്ങളിലാണ് ഇന്ത്യക്കാര്‍ കാര്യമായി ഉള്ളത്. വീട്ടുജോലി പോലുള്ള കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ക്കായി ഗള്‍ഫിള്‍ പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പല നിബന്ധനങ്ങളും ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ളതിനാല്‍ ഇത്തരം തൊഴിലുകള്‍ തേടിപ്പോകുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായി. 30 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് വീട്ടു ജോലിക്ക് ഗള്‍ഫില്‍ പോകാന്‍ അനമതിയില്ല. ഇത്തരം നിയന്ത്രണങ്ങള്‍ വന്നതോടെ ഇന്ത്യക്കാര്‍ക്കു പകരം മറ്റു ഏഷ്യന്‍ രാജ്യക്കാര്‍ക്ക് സാധ്യതയേറി.
ഗള്‍ഫ് രാജ്യങ്ങളിലെ മികച്ച വളര്‍ച്ചയുണ്ടായിരുന്ന രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചത് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ്. 2012ല്‍ 110 ഡോളര്‍ ബാരലിന് ഉണ്ടായിരുന്നത് 2016 ആയപ്പോഴേക്കും വെറും 22 ഡോളര്‍ ആയി കൂപ്പുകുത്തി. ഈ വന്‍ ഇടിവ് ഏറ്റവും സാരമായി ബാധിച്ചത് സൗദി അറേബ്യയേയും ഖത്തറിനേയുമാണ്.
എണ്ണ വില ഇടിയുന്നു എന്നതിനര്‍ത്ഥം പണം വ്യയം കുറയുന്നുവെന്നാണ്. ജിസിസി രാജ്യങ്ങളാവട്ടെ പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നവരുമാണ്. ക്രൂഡ് ഓയില്‍ വില 100 ഡോളറിലെങ്കിലുമെത്താതെ പ്രവാസികളുടെ പണമയക്കല്‍ പൂര്‍വ സ്ഥിതിയിലാകാന്‍ സാധ്യതയില്ല. അടുത്ത ഏതാനും വര്‍ഷങ്ങളിലും ഇതിനൊരു സാധ്യതയും കാണുന്നുമില്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന്ത്. ഇതിനെല്ലാം പുറമെയാണ് ഖത്തറുമായുള്ള അറബ് രാജ്യങ്ങളുടെ പ്രശ്‌നം. ഇത് സാമ്പത്തിക രംഗത്തേയും ബാധിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷയും സ്ഥിരതയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരു കോടിയോളം ഇന്ത്യക്കാരാണ് ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. മാത്രവുമല്ല, ഊര്‍ജ, പെട്രോളിയം ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഈ രാജ്യങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും നീണ്ടു പോകുകയാണെങ്കില്‍ അത് പ്രശ്‌നത്തില്‍ നയതന്ത്രപരമായ ഇടപെടലിന് ഇന്ത്യ നിര്‍ബന്ധിതമാക്കുകയും ചെയ്യും. കാരണം ഏതൊരു ചെറിയ മാറ്റവും ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്കിനെ ബാധിക്കുന്നതാണ്.