തിരുവനന്തപുരം- കേരളത്തില്‍ മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകള്‍ രാവിലെയുമായിരിക്കും. പരീക്ഷയുടെ ആരംഭത്തിലുള്ള ആശ്വാസ സമയം(കൂള്‍ ഓഫ് ടൈം) 15 മിനിറ്റില്‍നിന്ന് അഞ്ചോ പത്തോ മിനിറ്റ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കാനും തീരുമാനിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്കുശേഷം 1.45നാണ് ആരംഭിക്കുക. വെള്ളിയാഴ്ച രണ്ട് മണിക്കും.
പരീക്ഷയില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും എസ്.സി.ഇ.ആര്‍.ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത പാഠഭാഗങ്ങള്‍ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും ക്രമീകരണം.
പ്രയാസമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ എസ്.സി.ഇ.ആര്‍.ടിക്ക് നിര്‍ദേശം നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.എസ്.എല്‍.സി പരീക്ഷ ടൈംടേബിളിനും അംഗീകാരം നല്‍കി.
എസ്.എസ്.എല്‍.സി പരീക്ഷ ടൈംടേബിള്‍:
മാര്‍ച്ച് 17- ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
18 രണ്ടാം ഭാഷ ഇംഗ്ലീഷ്
19 മൂന്നാം ഭാഷ ഹിന്ദി
22 സോഷ്യല്‍ സയന്‍സ്
23 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
24 ഫിസിക്‌സ്
25 കെമിസ്ട്രി
29 മാത്‌സ്
30 ബയോളജി