ആലപ്പുഴ- നീണ്ട കാത്തിരിപ്പിന് വിട. ആലപ്പുഴ ജില്ലക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമയത്തിനായുള്ള കാത്തിരിപ്പിലാണ് സര്‍ക്കാര്‍. 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി മന്ത്രി ജി സുധാകരന്‍ നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തി. അവസാന ഘട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബൈപ്പാസില്‍ ബാക്കിയുള്ളത്.ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നാല്‍ 100 കോടിക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തിയായത് കൊണ്ട് തന്നെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ കൊല്ലം ബൈപ്പാസിലേത് പോലെ തന്നെ ആലപ്പുഴയിലും ടോള്‍ ഏര്‍പ്പെടുത്തും.