റിയാദ് - ഇറാഖിലേക്കും ജോർദാനിലേക്കും ഈജിപ്തിലേക്കും യൂറോപ്പിലേക്കും വൈദ്യുതി കയറ്റി അയക്കാൻ സൗദി അറേബ്യക്ക് പദ്ധതികളുള്ളതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. ഗൾഫ് രാജ്യങ്ങളുടെ പവർ ഗ്രിഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണ്. പുനരുപയോഗ ഊർജം ഉപയോഗിക്കാൻ സൗദി അറേബ്യ ശക്തമായി ശ്രമിക്കുന്നുണ്ട്. വൈദ്യുതി ഉൽപാദനത്തിന് പ്രകൃതി വാതകം കൂടുതലായി അവലംബിക്കാനും ശ്രമിച്ചുവരികയാണ്.
ദുഷ്‌കരമായ സാഹചര്യത്തിൽ എണ്ണ പ്രതിസന്ധി പ്രത്യാഘാതങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാൻ സാധിച്ച രാഷ്ട്ര നേതാവാണ് സൗദി കിരീടാവകാശി. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവർക്കരണവും എണ്ണ വരുമാനത്തെ ആശ്രയിക്കൽ കുറക്കലും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നു. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിന് രാജ്യം ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആഗോള എണ്ണ വിപണിയുടെ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രിലിലിൽ എണ്ണ വില ബാരലിന് 19 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ ദിവസം എണ്ണ വില 51 ഡോളറിലെത്തി. സൗദി ഭരണാധികാരികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം സാധ്യമായത്. ലഭ്യമായ എല്ലാ ശേഷികളും പ്രയോജനപ്പെടുത്തി വലിയ പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ സൗദി അറേബ്യ നടത്തിയത്. ഊർജ മന്ത്രാലയം നടത്തിയ ശ്രമങ്ങളുടെ ഫലമായല്ല ഈ നേട്ടം കൈവരിച്ചത്. മറിച്ച്, രാജ്യം നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു ഇത്.