കൊച്ചി- ഇടപ്പള്ളിയിൽ മാളിനുള്ളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പ്രതികളുടെ മുഖം വ്യക്തമാകുന്ന വീഡിയോ ദൃശ്യം ലഭിച്ചതായി പോലീസ് പറഞ്ഞു. നടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇവർ നടിയെ പിന്തുടരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങളാണു ലഭിച്ചത്. സംഭവത്തിൽ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് നടിയും സഹോദരിയും മാതാവും ഒരു ബന്ധുവും ഇടപ്പള്ളയിലെ മാളിലെത്തിയത്. സംഭവം നടക്കുമ്പോൾ നടിയും സഹോദരിയും ഹൈപ്പർ മാർക്കറ്റിലും മാതാവും ബന്ധുവും മറ്റൊരു ഭാഗത്തുമായിരുന്നു. മാളിൽ ഒട്ടും തിരക്കില്ലാതിരുന്നിട്ടും രണ്ടു പേർ മനപ്പൂർവം വന്ന് ശരീരത്ത് ഇടിക്കുകയും സ്പർശിക്കുകയും ചെയ്തു. സഹോദരി ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് സംഭവം ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവർ കൗണ്ടറിൽ നിൽക്കുമ്പോൾ അടുത്തു വന്ന് സംസാരിക്കാൻ ശ്രമിച്ചു. ഈ സമയം നടി അവരോട് ഉച്ചത്തിൽ സംസാരിച്ചതോടെ ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവം നടി ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.