ജിദ്ദ - സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളിലേക്കിറങ്ങിയ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾക്കു വേണ്ടി കൈമെയ് മറന്ന് പ്രവർത്തിച്ച എല്ലാ വോട്ടർമാരെയും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അഭിനന്ദിച്ചു. നാടിന്റെ നന്മക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാനും അഴിമതിയില്ലാത്ത ഭരണം നടത്തുവാനും വിജയികൾക്ക് കഴിയട്ടെയെന്നും പ്രവാസ ലോകത്തു നിന്നും സർവ പിന്തുണയും ഉണ്ടാകുമെന്നും അനുമോദന സന്ദേശത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഫാസിസത്തിനെതിരെ പ്രസംഗിക്കുകയും എന്നാൽ പ്രവൃത്തിപഥത്തിൽ വിപരീതമായും നിലകൊള്ളുന്ന ഇടതു വലതു മുന്നണികളുടെ കപട രാഷ്ട്രീയം വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വലുതും ചെറുതുമായ പത്തിലേറെ പാർട്ടികൾ വീതമുള്ള മൂന്നു മുന്നണികളോട് പൊരുതിയാണ് ഒരു ഭരണസ്വാധീനവുമില്ലാതെ എസ്.ഡി.പി.ഐ കോർപ്പറേഷൻ, മുനിസിപ്പൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഭരണസമിതികളിലേക്കു തിളക്കമാർന്ന വിജയം കൊയ്തിരിക്കുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഉൾക്കൊണ്ട് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും ഭാരവാഹികൾ പറഞ്ഞു. എസ്.ഡി.പി.ഐയുടെ ചരിത്രവിജയമാഘോഷിച്ചു കൊണ്ട് സോഷ്യൽ ഫോറം പ്രവർത്തകർ വിവിധയിടങ്ങളിൽ മധുരം വിതരണം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ പ്രവർത്തന രംഗത്ത് നിന്നും ജന്മനാട്ടിലെ സാമൂഹ്യ പ്രവർത്തനരംഗത്ത് തിളങ്ങി നിന്ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലേക്ക് വിജയം വരിച്ച മുജീബ്‌റഹ്മാൻ വടക്കീടന് പ്രത്യേകം ആശംസകൾ നേരുന്നതായും ഭാരവാഹികൾ അറിയിച്ചു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, അഷ്‌റഫ് സി.വി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, ഫൈസൽ മമ്പാട്, യാഹൂട്ടി തിരുവേഗപ്പുറ, ജാഫർ കാളികാവ്, അഹമ്മദ് ആനക്കയം, റാഫി ചേളാരി, നൗഫൽ താനൂർ, ഹസ്സൻ മങ്കട, നജീബ് വറ്റലൂർ, ജംഷി ചുങ്കത്തറ, ഹസൈനാർ മാരായമംഗലം എന്നിവർ യോഗത്തിൽ സംബന്ധിച്ചു.