റിയാദ് - 'തവക്കൽനാ' ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 85 ലക്ഷം കവിഞ്ഞതായി സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രസിഡന്റ് ഡോ. അബ്ദുല്ല അൽഗാംദി അറിയിച്ചു. ഇതുവരെ 'തവക്കൽനാ' ആപ് വഴി ഒന്നര കോടിയിലേറെ യാത്രാ പെർമിറ്റുകൾ അനുവദിച്ചു. പതിനേഴു സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 30 ലേറെ സേവനങ്ങൾ 'തവക്കൽനാ' വഴി ഉപയോക്താക്കൾക്ക് നൽകുന്നു.
'തബാഉദ്' ആപ് വലിയ വെല്ലുവിളിയിലൂടെ കടന്നുപോയി. സമ്പർക്ക കേസുകൾ കണ്ടെത്തുന്നതിന് ഗൂഗിൾ, ആപ്പിൾ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ ലോകത്ത് മൂുന്നാം സ്ഥാനം കൈവരിക്കാൻ 'തബാഉദ്' ആപ്പിന് സാധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ 'അബ്ശിർ' വഴി 280 സേവനങ്ങൾ നൽകുന്നുണ്ട്. 1.8 കോടി സ്വദേശികളും വിദേശികളും 'അബ്ശിർ' പ്രയോജനപ്പെടുത്തി. 'അബ്ശിർ ബിസിനസ്' പ്ലാറ്റ്‌ഫോം 5,60,000 സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുന്നു. 'ഔദ' സേവനം വഴി മൂന്നര ലക്ഷത്തിലേറെ വിദേശികൾക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാൻ സാധിച്ചതായും ഡോ. അബ്ദുല്ല അൽഗാംദി പറഞ്ഞു.