കണ്ണൂര്‍- ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റിന്റെ ഭൂമിയില്‍ ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നതും സമരം ചെയ്യുന്നതും ഇരട്ടത്താപ്പാണെന്ന ആരോപണണത്തിനു മറുപടിയായി കണ്ണൂര്‍ ജല്ലാ കമ്മിറ്റി വിശദീകരണ കുറിപ്പിറക്കി.
നാട്ടില്‍ വരുന്ന വലിയൊരു വികസനത്തിന് പ്രോത്സാഹനം നല്‍കുക എന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമായി നല്‍കിയ അനുവാദമാണിതെന്നും വികസന വിരോധികളല്ലെന്നും എല്ലാ വികസനത്തിന്റെയും നന്മയെ പിന്തുണക്കുന്നവരാണ് തങ്ങളെന്നും സംഘടന അവകാശപ്പെടുന്നു. ഗെയില്‍ പദ്ധതിക്കോ റോഡ് വീതി കൂട്ടുന്നതിനോ ജമാഅത്തെ ഇസ്‌ലാമി എതിരല്ലെന്നും അതൊക്കെ ജനങ്ങളെ ദ്രോഹിക്കാതെയും ചൂഷണം ചെയ്യാതെയും പ്രകൃതി വിരുദ്ധമല്ലാത്ത നിലയിലും നടപ്പിലാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള കൊളപ്പയിലെ ഭൂമിയില്‍ ഗെയില്‍ പൈപ്പ് വാടക ഈടാക്കി സൂക്ഷിക്കുന്നതിനെ ഗെയില്‍ വിരുദ്ധ സമരവുമായി കൂട്ടിച്ചേര്‍ത്ത് ആക്ഷേപമുന്നയിക്കുന്ന പോസ്റ്റ് ചിലര്‍ പ്രചരിപ്പിക്കുന്നതായി കാണാനിടയായി. ജന വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാന്‍ തങ്ങളുടെ പക്കല്‍ വാസ്തവ വിരുദ്ധമായ ഉദാഹരണങ്ങളേ കയ്യിരിപ്പായിട്ടുള്ളൂ എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്തരം പോസ്റ്റുകള്‍. ചില വസ്തുതകള്‍ ഇക്കാര്യത്തില്‍ നമ്മള്‍ മനസ്സിലാക്കുന്നത് നല്ലതാണ്.
1. ഗെയില്‍ പദ്ധതി നിലവില്‍ വരുന്ന പ്രാരംഭ ഘട്ടത്തിലാണ് കൊളപ്പയിലെ ജമാഅത്ത് ട്രസ്റ്റ് ഭൂമിയില്‍ പൈപ്പ് സൂക്ഷിക്കാന്‍ അനുവാദം നല്‍കുന്നത്.
2. നാട്ടില്‍ വരുന്ന വലിയൊരു വികസനത്തിന് പ്രോത്സാഹനം നല്‍കുക എന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമായി നല്‍കിയ അനുവാദമാണത്. വികസന വിരോധികളല്ല , എല്ലാ വികസനത്തിന്റെയും നന്മയെ പിന്തുണക്കുന്നവരാന്ന് ജമാഅത്തെ ഇസ്ലാമി എന്ന സന്ദേശം കൂടിയായിരുന്നു ഇത്.
3. വികസനത്തിന്റെ കാര്യത്തില്‍ മാത്രമല്ല രാഷ്ടീയവും മതപരവുമായ സഹകരണത്തിന്റെ കാര്യത്തിലും ജമാഅത്തെ ഇസ്ലാമി അതിന്റെ വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി ഒരുക്കി കൊടുക്കാറുണ്ട്. സി.പി.എമ്മിന്റെ കീഴിലുള്ള കണ്ണുര്‍ ജില്ലയിലെ ഒരു സഹകരണ കോളേജ് സ്വന്തം കെട്ടിടമില്ലാതിരുന്നപ്പോള്‍ യൂനിവേഴ്‌സിറ്റിയുടെ അനുവാദം കിട്ടുന്നത് വരെ വര്‍ഷങ്ങളോളം ജമാഅത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന ഒരു ട്രസ്റ്റ് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്. സി.പി.എമ്മി ന്റെ സംസ്ഥാന നേതൃത്വത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് ഇതൊക്കെ അറിയാം.
4. ഗെയില്‍ പദ്ധതിക്കോ റോഡ് വീതി കൂട്ടുന്നതിനോ ജമാഅത്തെ ഇസ്ലാമി എതിരല്ല. അതൊക്കെ ജനങ്ങളെ ദ്രോഹിക്കാതെയും ചൂഷണം ചെയ്യാതെയും പ്രകൃതി വിരുദ്ധമല്ലാത്ത നിലയിലും നടപ്പിലാക്കണം എന്നാണ് ജമാഅത്ത് നിലപാട്.
5. ഇത് ജമാഅത്തിന്റെ മാത്രം നിലപാടല്ല. കണ്ണൂര്‍ വിമാനതാവളത്തിന് സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ ന്യായമായ നഷ്ട പരിഹാരം കിട്ടാന്‍ സമരം ചെയ്ത ആക്ഷന്‍ കമ്മിറ്റി സി.പി.എം കേഡറുകളും, നേതാക്കളും പാര്‍ട്ടി കുടുംബങ്ങളും ചേര്‍ന്ന ജനങ്ങളാണ് എന്നോര്‍മ വേണം. വിമാനത്താവളമെന്ന ബൃഹത്തായ പദ്ധതി സി.പി.എം കുടുംബങ്ങള്‍ തുരങ്കം വെക്കുന്നതായി അന്നാരും പറഞ്ഞിട്ടില്ല. വയലുകള്‍ കീറി മുറിച്ച് നശിപ്പിക്കുന്ന പാതക്കെതിരെ സമരം ചെയുന്ന തളിപ്പറമ്പിലെ 'വയല്‍ക്കിളികളും' പാര്‍ട്ടി കുടുംബങ്ങളാണ്.അവരും പാത വേണ്ട എന്നല്ല പറയുന്നത്. അത് ജനവിരുദ്ധമാവരുത് എന്നാണ്.
6. ഗെയില്‍ വിരുദ്ധ സമരം ചെയ്യുന്നത് അതിന്റെ ഇരകളായ പാവപ്പെട്ട ജനങ്ങളാണ്. അവരില്‍ എല്ലാ പാര്‍ട്ടിക്കാരും മതക്കാരുമുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന ജനതക്ക് വേണ്ടി സമരം ചെയ്യുക എന്നത് വിശുദ്ധ ഖുര്‍ആന്റെ ശാസനയാണ്. അവിടെ ജാതിയും മതവുമില്ല. ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നത് സ്വാഭാവികമായും ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കടമയാണ്. അത് വികസന രാഷ്ട്രീയവുമാണ്. ആദിവാസികളടെയും മുത്തങ്ങയിലെയും വിഷയം വന്നപ്പോഴും ജമാഅത്ത് അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പമായിരുന്നു.
7. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് എതിരല്ല ജമാഅത്ത്. അങ്ങിനെയാണെങ്കില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഈ പദ്ധതി കേരളത്തില്‍ തുടരുമായിരുന്നില്ല. മറിച്ച് അതിന്റെ ജനദ്രോഹകരമായ നിര്‍വഹണ രീതി ഉപേക്ഷിക്കണം എന്ന നിലപാടാണ് ഉള്ളത്.
8. ഈ നിലപാട് ഉള്ളപ്പോള്‍ തന്നെ ജമാഅത്ത് സമാധാനപരമായ സമരത്തെയാണ് പിന്തുണക്കുന്നത്. നിയമം കയ്യിലെടുക്കാനും ബലപ്രയോഗം ചെയ്യാനും ജമാഅത്ത് എവിടെയും അതിന്റെ പ്രര്‍ത്തകര്‍ക്ക് അനുവാദം നല്‍കാറില്ല. ജനകീയ സമരത്തോടും അതിന്റെ ന്യായത്തോടും ഒപ്പം നില്‍ക്കുന്ന ഒരു ഗ്രൂപ്പ് മാത്രമാണ് ജമാഅത്ത്. ഗെയില്‍ വിരുദ്ധ സമരത്തിന്റെ നായകത്വത്തിലുള്ള ഇരകളായ ജനങ്ങള്‍ നിലനില്‍പിന് വേണ്ടി നടത്തുന്ന ചെറുത്ത് നില്‍പ്പ് ആത്മരക്ഷാര്‍ത്ഥമുള്ള കായിക സമരമാവുന്നത് സ്വാഭാവികമാണ്. അത്തരമൊരു വിസ്‌ഫോടനാന്തരീക്ഷം സൃഷ്ടിക്കാതിരിക്കേണ്ടത് സമരം ചെയ്യുന്നവരെക്കാള്‍ ഭരണകൂടത്തിന്റെ ബാധ്യത തയാണ്.
9. ഗെയില്‍ പൈപ്പ് ലൈന്‍ അതിന്റെ ജനവിരുദ്ധ നിര്‍വഹണ മുഖം പുറത്തെടുക്കും മുമ്പ് ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കൊളപ്പയിലെ ഭൂമിയിലെ പൈപ്പ് സ്‌റ്റോക്ക് തുടരുന്നത് എന്നിരിക്കെ വസ്തുത മറച്ചു വെക്കുന്ന പ്രചാരണം നിര്‍ഭാഗ്യകരമാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് വേണ്ടി എന്തെല്ലാം അതിശയോക്തികളാണ് അവലംബിക്കേണ്ടി വരുന്നതെന്നതിന്റെ പകല്‍ വെളിച്ചം പോലുള്ള ഉദാഹരണമാണ് ഇത്തരം പ്രചാരണങ്ങള്‍. നന്മയില്‍ വിശ്വസിക്കുന്ന നല്ലവരായ ജനങ്ങളും ജനാധിപത്യ വിശ്വാസികളും ഇത്തരം തെറ്റിദ്ധരിപ്പിക്കല്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു.