ജിദ്ദ - പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 2015 നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ നില മെച്ചപ്പെടുത്തുവാൻ സാധിച്ചുവെന്നും, എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും ഒ.ഐ.സി.സി
സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ വാർത്താ കുറിപ്പിൽ പറഞ്ഞു.
കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ കൃത്യമായ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വ്യക്തമായ പ്രതിബന്ധം ഉണ്ടായിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റുമാരടക്കമുള്ള കോൺഗ്രസിന്റെ നിരവധി നേതാക്കൾക്കാണ് ഈ കാലയളവിൽ കോവിഡ് പോസിറ്റീവ് ആയത്. പല സ്ഥലങ്ങളിലും ക്വാറന്റൈനിന്റെ പേരിൽ നടന്ന പോസ്റ്റൽ വോട്ട് നിർണായകമായി മാറി. ഇത് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യു.ഡി.എഫ് നേതൃത്വത്തിനു അപാകതകൾ സംഭവിച്ചതായി അറിയുന്നു. നിരവധി വാർഡുകളിൽ പോസ്റ്റൽ വോട്ടിൽ ആണ് യുഡിഎഫ് പരാജയപ്പെട്ടത്.
2015ലെ തെരഞ്ഞെടുപ്പിനേക്കാളും യുഡിഎഫിന് 13 ഗ്രാമപഞ്ചായത്തുകൾ അധികം ലഭിച്ചപ്പോൾ എൽഡിഎഫിന് 37 ഗ്രാമപഞ്ചായത്തുകളുടെ ഭരണമാണ് ഇപ്പോൾ നഷ്ടമായത്. നഗരസഭകളിൽ യുഡിഎഫ് 45 എണ്ണത്തിൽ വിജയിച്ചപ്പോൾ എൽഡിഎഫിന് മുൻപത്തെ അപേക്ഷിച്ചു 10 എണ്ണത്തിൽ ഭരണം നഷ്ടമായി. ജില്ലാ പഞ്ചായത്ത് കാര്യത്തിൽ വലിയ പരാജയമാണ് യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. ഇത് നേതൃത്വം കൃത്യമായി പരിശോധിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് എല്ലാ കാലത്തും എൽഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫിന് വിജയത്തിളക്കം കുറയുന്നതിന്റെ കാരണങ്ങൾ വ്യക്തമായി പരിശോധിച്ച് ആവശ്യമായ പ്രവർത്തന മാറ്റങ്ങൾ വരുത്തുവാൻ നേതൃത്വം ശ്രമിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് ആത്മപരിശോധന നടത്തണം. കോൺഗ്രസ് മുക്ത ഭാരതം എന്നത് സ്വപനം കണ്ടു നടക്കുന്ന ബി.ജെ.പിക്കാർ, അവരുടെ വോട്ടുകൾ സിപിഎമ്മിന് മറിച്ചു നൽകിയതായി കരുതുന്നുവെന്നും, മുൻ കാലത്ത് കോൺഗ്രസിന്റെ കേന്ദ്ര ഭരണം ഇല്ലാതാക്കി ബിജെപിയ്ക്ക് ആദ്യമായി ഭരണം ലഭിക്കുവാൻ അവസരം ഒരുക്കിയതിന്റെ ഉപകാരസ്മരണ സംഘ്പരിവാർ സംഘടനകൾ കാണിച്ചതായും സംശയിക്കുന്നു.
ഗൾഫ് വിമാന സർവീസിലെ പ്രശ്‌നങ്ങൾ പ്രവാസികളുടെ വോട്ടു ലഭ്യമാക്കുന്നതിൽ വലിയ കുറവ് സംഭവിച്ചതായും, ഇത് യു.ഡി.എഫിന് അനുകൂലമായി ലഭിക്കേണ്ട വോട്ടുകൾ കുറച്ചുവെന്നും മുനീർ വാർത്താ കുറിപ്പിൽ പറഞ്ഞു.