മലപ്പുറം- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത്-വലത് കക്ഷികളിലെ പ്രമുഖർക്ക് തോൽവി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കു മത്സരിച്ച കോൺഗ്രസിലെ ഷേർളി വർഗീസാണ് തോറ്റവരിൽ പ്രമുഖ. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ഇവർ വഴിക്കടവ് ജില്ലാ പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിലാണ് പരാജയപ്പെട്ടത്. കോൺഗ്രസ് എടക്കര മണ്ഡലം പ്രസിഡന്റ് ബാബു തോപ്പിലാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖൻ. പാലേമാട് ബ്ലോക്ക് ഡിവിഷനിൽ നിന്നുമാണ് ഇദ്ദേഹം മത്സരിച്ചത്.
പോത്തുകൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ. പ്രകാശും ഭൂദാനം വാർഡിൽ നിന്നു പരാജയമേറ്റുവാങ്ങി. സി.പി.എം ഏരിയാ കമ്മിറ്റിയംഗവും മുൻ ബ്ലോക്ക് അംഗവുമായിരുന്ന പി.ടി. ഉഷയും പരാജയപ്പെട്ടവരിൽ പെടുന്നു. വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപ്പൊയിൽ വാർഡിലാണ് ഇവർ തോറ്റത്. സി.ഐ.ടി.യു ഏരിയാ മുൻ സെക്രട്ടറി എം.കെ. ചന്ദ്രൻ എടക്കര മേനോൻപൊട്ടി വാർഡിൽ പരാജയപ്പെട്ടു. മുൻ പോത്തുകൽ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് സി. സുഭാഷിനും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
അതേസമയം 40 വർഷം തുടർച്ചയായി എടപ്പാൾ വട്ടംകുളം പഞ്ചായത്ത് ഭരിച്ച ഇടതുമുന്നണിക്ക് ഇത്തവണ ഭരണ തുടർച്ച ഉണ്ടാക്കാനായില്ല. ആകെയുള്ള 19 സീറ്റിൽ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ എൽ.ഡി.എഫ് എട്ടു സീറ്റ് നേടി. രണ്ടു സീറ്റ് നേടി ബി.ജെ.പി ആദ്യമായി പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു.
വട്ടംകുളം പഞ്ചായത്തിൽ വലിയ നേതാക്കളുടെ പരാജയത്തിനും തെരഞ്ഞെടുപ്പ് വഴിയൊരുക്കി. ഡി.വൈ.എഫ്.ഐ നേതാവും കഴിഞ്ഞ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. എം.ബി. ഫൈസൽ, ഡി.സി.സി സെക്രട്ടറി ടി.പി. മുഹമ്മദ് എന്നിവർ പരാജയപ്പെട്ടു.