Sorry, you need to enable JavaScript to visit this website.

സംസം: വിശ്വാസികളുടെ സുകൃതാമൃതം

വിശുദ്ധ ഹറമിൽ കഅ്ബയും സമീപത്തെ  സംസം കിണറിലേക്കുള്ള വഴിയും. (ഫയൽ ഫോട്ടോ)
  • ബഷീർ ചുള്ളിയോട്

സംസം കിണറുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികളുടെ കാലത്ത് പ്രഖ്യാപിച്ച വികസനപദ്ധതികളിലെ പുതിയതാണ് കഴിഞ്ഞയാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പുനരുദ്ധാരണ പദ്ധതി. രണ്ടു ഭാഗങ്ങൾ അടങ്ങിയതാണ് ഈ പദ്ധതി. സംസം കിണറിലേക്കുള്ള സർവീസ് ടണലുകളുടെ നിർമാണമാണ് ഇതിൽ ഒന്ന്. മതാഫിന് അടിയിലൂടെ ആകെ എട്ടു മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിൽ അഞ്ചു ടണലുകളാണ് നിർമിക്കുന്നത്. സംസം വെള്ളം അണുവിമുക്തമാക്കലും സംസം കിണറിനു ചുറ്റുമുള്ള പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണവുമാണ് രണ്ടാമത്തെ ഭാഗം. 

പ്രപഞ്ചത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ തീർഥജലത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ സംസം കിണർ വിസ്മയകരമായ അത്ഭുതവും ദൈവീകദൃഷ്ടാന്തവുമാണ്. മരുഭൂനടുവിൽ അനർഗളം നിർഗളിക്കുന്ന ഉറവകളുള്ള സംസം കിണർ അയ്യായിരത്തോളം വർഷമായി ലോക ജനതക്കുള്ള ദൃഷ്ടാന്തമായി നിലനിൽക്കുന്നു. വിശുദ്ധ കഅ്ബാലയത്തിന് കിഴക്ക് 20 മീറ്റർ മാത്രം ദൂരെയാണ് സംസം കിണർ. ഭൂമിലോകത്തെ ഏറ്റവും പഴക്കമേറിയ കിണറാണിത്. പ്രവാചക ശ്രേഷ്ഠൻ ഇസ്മായിൽ നബിയുടെ കുഞ്ഞുപാദങ്ങൾക്കിടയിൽ നിന്ന് ഉറവയെടുത്തതു മുതൽ സംസം കിണറിലെ തീർഥജലം വറ്റിയിട്ടില്ല. സാധാരണ കിണറുകളുടെ ആയുസ്സ് 70 വർഷത്തിൽ കവിയില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സെക്കന്റിൽ 11 ലിറ്റർ മുതൽ 18.5 ലിറ്റർ വരെയാണ് സംസം കിണറിലെ നീരുറവയുടെ ശക്തി. അല്ലാഹുവിന്റെ നിർദേശാനുസരണം ഇബ്രാഹിം നബി ലോക മനുഷ്യരെ ഹജ് തീർഥാടനത്തിന് മക്കയിലേക്ക് ക്ഷണിച്ചതു മുതൽ സംസം കിണർ തീർഥാടക സഞ്ചയത്തിന്റെ ദാഹമകറ്റുന്നു. 


ജനവാസവും പച്ചപ്പുമില്ലാത്ത, വാസയോഗ്യമല്ലാത്ത ഊഷരമായ മരുഭൂമിയിൽ ഭാര്യ ഹാജറിനെയും പിഞ്ചുപൈതൽ ഇസ്മായിലിനെയും ഉപേക്ഷിക്കുന്നതിനുള്ള ദൈവീക കൽപന ഇബ്രാഹിം നബി ശിരസാ വഹിക്കുകയായിരുന്നു. ഭൂമിയിൽ തന്നെ ആരാധിക്കുന്നവർക്കുള്ള കേന്ദ്രമായി മക്കയെ പരിവർത്തിപ്പിക്കുന്നതിനുള്ള ദൈവിക തീരുമാനത്തിന്റെ പൊരുൾ ഇബ്രാഹിം നബിക്കോ ഹാജറിനോ മനസ്സിലായില്ല. ദൈവീക കൽപന ശിരസ്സാവഹിക്കുക മാത്രമാണ് അവർ ചെയ്തത്. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നതോടെ വിശപ്പും ദാഹവും കലശലായി പിഞ്ചുപൈതൽ വാടിത്തളർന്നു. വേപഥു പൂണ്ട ഹാജർ കത്തിയാളുന്ന സൂര്യനു കീഴിലെ നോക്കത്താദൂരത്തോളം നീണ്ടുകിടക്കുന്ന, കുന്നുകളും പർവതങ്ങളും നിറഞ്ഞ മരുഭൂമിയിൽ ദാഹജലം തേടി പരക്കം പാഞ്ഞു. സഫാ, മർവ മലകൾക്കിടയിൽ പലതവണ ഹാജർ ഓടിനടന്നു. ഇതിനിടെയാണ് ജിബ്‌രീൽ മാലാഖ ഇസ്മായിലിന്റെ കുഞ്ഞിക്കാലുകൾക്കടിയിൽ നിന്ന് ഭൂമിപിളർത്തി നീരുറവ പുറത്തെത്തിച്ചത്. വെള്ളം നിർഗളിക്കുന്ന ശബ്ദം കേട്ടാണ് ഹാജർ കുഞ്ഞു ഇസ്മായിലിനു സമീപം ഓടിയെത്തിയത്. വെള്ളം ഒലിച്ചൊഴുകാൻ തുടങ്ങിയതോടെ നിൽക്കട്ടെ, നിൽക്കട്ടെ എന്നർഥം വരുന്ന 'സം', 'സം' എന്ന് ഹാജർ പറയുകയും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിലക്കുകയുമായിരുന്നു. ഇതേ കുറിച്ച് സൂചിപ്പിച്ച് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞത് ഇപ്രകാരമാണ്: 'അല്ലാഹു ഇസ്മായിലിന്റെ മാതാവിനോട് കരുണ കാണിക്കട്ടെ, സംസത്തെ പൊട്ടിയൊഴുകുന്നതിന് അവർ അനുവദിച്ചിരുന്നെങ്കിൽ ഒരു അരുവിയായി സംസം മാറുമായിരുന്നു'. വെള്ളം തീർന്നുപോയേക്കുമെന്ന് ഭയന്ന് മണലും കല്ലുകളും ഉപയോഗിച്ച് ഹാജർ വെള്ളം തടഞ്ഞുനിർത്തി. ഈ ശ്രമത്തിനിടെയാണ് വെള്ളത്തിന്റെ അമിതപ്രവാഹം നിൽക്കട്ടെ, നിൽക്കട്ടെ എന്ന് അർഥം വരുന്ന 'സം', 'സം' എന്ന് എന്ന് ഹാജർ ആവർത്തിച്ച് ഉരുവിട്ടത്. ഇതിൽ നിന്നാണ് കിണറിന് സംസം എന്ന് പേര് ലഭിച്ചത്. ഉറവ പിന്നീട് കിണറായി മാറുകയും യാത്രാ സംഘങ്ങളുടെ വിശ്രമസ്ഥലമായി ഇവിടം മാറുകയും ചെയ്തു. സംസം വെള്ളത്തിന്റെ പുണ്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് ഇങ്ങിനെ പറയുന്നു: 'സംസം വെള്ളം എന്ത് ആവശ്യത്തിനു വേണ്ടിയാണോ കുടിക്കുന്നതെങ്കിൽ അതിനുള്ളതാണ്' എന്ന്. അതായത് കുടിക്കുന്നവന്റെ ഉദ്ദേശ്യശുദ്ധിക്കും പ്രാർഥനക്കും അനുസരിച്ച പുണ്യവും ആഗ്രഹസഫലീകരണവും സംസം കുടിക്കുന്നവർക്ക് ലഭിക്കുമെന്ന് സാരം. 

മക്ക നഗരത്തിന്റെ ആവിർഭാവത്തിന് നിദാനം സംസം കിണറാണ്. മരുഭൂനടുവിൽ വെള്ളം സുലഭമായി ലഭിക്കുന്ന വിവരമറിഞ്ഞ് യാത്രാ സംഘങ്ങൾ ഇവിടം ഇടത്താവളമാക്കുകയും എല്ലാ ഭാഗത്തു നിന്നും ഗോത്രങ്ങൾ മക്ക ലക്ഷ്യമാക്കി പ്രവഹിക്കാൻ തുടങ്ങുകയും ചെയ്തു. ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും ചേർന്ന് വിശുദ്ധ കഅ്ബാലയം പടുത്തുയർത്തിയതോടെ മക്കയുടെ പ്രാധാന്യം കൂടുതൽ വർധിച്ചു. ഇതോടെ അറേബ്യൻ ഉപദ്വീപിലെയും ശാമിലെയും (സിറിയ, ജോർദാൻ, ഫലസ്തീൻ, ലെബനോൻ അടങ്ങിയ പ്രദേശം) ഗോത്രങ്ങളുടെ വാണിജ്യ കേന്ദ്രമായി മക്ക മാറി. ചരിത്രത്തിന്റെ പ്രയാണത്തിനിടെ ഒരുദശാസന്ധിയിൽ സംസം കിണർ അജ്ഞാത കാരണങ്ങളാൽ  മൂടപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബിയുടെ പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ കാലത്തിനു മുമ്പായിരുന്നു ഇത്. കിണർ വീണ്ടും കുഴിക്കുന്നതിന് അബ്ദുൽമുത്തലിബിന് സ്വപ്‌നത്തിൽ പലതവണ ദർശനമുണ്ടാവുകയായിരുന്നു. കിണർ കുഴിക്കേണ്ട കൃത്യമായ സ്ഥലം സ്വപ്‌ന ദർശനത്തിലൂടെ അബ്ദുൽ മുത്തലിബിന് നിർണയിച്ചു നൽകി. ഇതുപ്രകാരം വീണ്ടും കുഴിക്കുകയും വെള്ളം കണ്ടെത്തുകയുമായിരുന്നു. സംസം കിണറിൽ നിന്നുള്ള വെള്ളം തീർഥാടകർക്ക് വിതരണം ചെയ്യുന്ന ചുമതല അബ്ദുൽ മുത്തലിബിന്റെ കുടുംബം ഏറ്റെടുത്തു. 


സംസം കിണറിന്റെ ആഴം 30.5 മീറ്ററാണ്. വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയാണ്. മക്കയിലൂടെ കടന്നുപോകുന്ന വാദി ഇബ്രാഹിമിലെ മണൽ കലർന്ന എക്കൽ മണ്ണിലാണ് സംസം കിണറിന്റെ മുകൾ ഭാഗമായ 13.5 മീറ്ററുള്ളത്. അടിഭാഗത്തെ 17 മീറ്റർ പാറയിലാണ് കുഴിച്ചിരിക്കുന്നത്. മണ്ണിൽ കുഴിച്ച ഭാഗം കല്ലുകൾ ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. താഴ്‌വരയിലെ എക്കൽ മണ്ണിൽ നിന്നുള്ള ഭൂഗർഭ ജലത്തിൽ നിന്നുള്ള ഉറവകളാണ് സംസം കിണറിന്റെ ജലസ്രോതസ്സ്. വൈദ്യുതി മോട്ടോറുകൾ ഉപയോഗിച്ചാണ് സംസം കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത്. അടുത്ത കാലം വരെ മതാഫിൽ അടിയിലെ നിലയിൽ സംസം കിണർ കാണുന്നതിന് സൗകര്യമുണ്ടായിരുന്നു. സംസം കുടിക്കുന്നതിന് നിരവധി ടാപ്പുകളും ഇവിടെയുണ്ടായിരുന്നു. 
ഹജറുൽ അസ്‌വദിന്റെ ഭാഗത്തുനിന്നുള്ള വിടവിൽ നിന്നാണ് സംസം കിണറിൽ പ്രധാനമായും വെള്ളം എത്തുന്നതെന്ന് ഹിജ്‌റ 1400 ൽ സംസം കിണർ വൃത്തിയാക്കുന്നതിന്റെ ദൗത്യം ഏൽപിക്കപ്പെട്ട സംഘത്തിന്റെ നേതാവ് എൻജിനീയർ യഹ്‌യ കുശ്ക് പറഞ്ഞു. 1971 ൽ അമേരിക്കയിലെ വാഷിംഗ്ടൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പരിസ്ഥിതി എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ വിദഗ്ധനാണ് ഇദ്ദേഹം. വിശുദ്ധ ഹറമിൽ ബാങ്കും ഇഖാമത്തും വിളിക്കുന്ന ഭാഗത്തിന്റെ ദിശയിലുള്ള ഉറവയാണ് രണ്ടാമത്തെ ഏറ്റവും വലിയ ജല സ്രോതസ്സ്. ഇതിനു പുറമെ കിണർ കെട്ടിയ കല്ലുകൾക്കിടയിലെ ചെറുദ്വാരങ്ങളിൽനിന്നും കിണറിൽ വെള്ളം എത്തുന്നു. ഇതിൽ ചിലത് സ്വഫയിൽ അബൂഖുബൈസ് മലയുടെ ദിശയിലും മറ്റു ചിലത് മർവ ദിശയിലുമാണ്. 
സംസം കിണറിലെ ജലവിതാനം നാലു മീറ്റർ താഴ്ചയിലാണ്. കിണറിലേക്കുള്ള ഉറവകളുടെ പ്രവാഹമുള്ളത് 13 മീറ്റർ താഴ്ചയിലാണ്. മക്കയിൽ സമീപപ്രദേശത്തെ മറ്റു കിണറുകളിലെ ജലത്തിനില്ലാത്ത പല സവിശേഷതകളും സംസം വെള്ളത്തിനുള്ളതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് വർഷമായി മുടങ്ങാതെ കോടാനുകോടി ലിറ്റർ വെള്ളം നൽകിയിട്ടും സംസം കിണറിലെ വെള്ളം വറ്റുകയോ വെള്ളത്തിന്റെ അളവിൽ കുറവ് വരികയോ ചെയ്തിട്ടില്ല. 
1400 ൽ നാലു ശക്തമായ മോട്ടോറുകൾ ഉപയോഗിച്ച് മിനിറ്റിൽ 8,000 ലിറ്റർ തോതിൽ കിണറിലെ വെള്ളം അടിച്ചൊഴിവാക്കുന്നതിന് തുടങ്ങിയപ്പോൾ ചെവിയടക്കുന്ന ശബ്ദത്തിൽ ഉറവകളിൽനിന്ന് കിണറിൽ വെള്ളം പതിക്കുന്ന ശബ്ദം കേട്ടതായി എൻജിനീയർ യഹ്‌യ കുശ്ക് തന്റെ കൃതിയിൽ ഓർക്കുന്നു. ഹറമിനു സമീപത്തെ മലകളിലെ തുരങ്ക നിർമാണങ്ങളും സമീപത്ത് അംബര ചുംബികളായ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആഴത്തിൽ സ്ഥാപിച്ച അടിത്തറകളും സംസം വെള്ളത്തിന്റെ ജൈവഘടനയെ ഒരുനിലക്കും ബാധിച്ചിട്ടില്ലെന്ന് മക്ക ജല വകുപ്പ് മുൻ മേധാവി കൂടിയായ എൻജിനീയർ യഹ്‌യ കുശ്ക് രേഖപ്പെടുത്തി. 
സമുദ്ര നിരപ്പിനു താഴെയുള്ള വിശുദ്ധ കഅ്ബാലയത്തിനു സമീപത്തെ സംസം കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് വാദിക്കുന്ന കത്ത് വിദേശ ഡോക്ടർമാരിൽ ഒരാൾ 1971 ൽ യൂറോപ്യൻ മാധ്യമസ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. നഗരത്തിലെ മുഴുവൻ മഴവെള്ളവും മറ്റും ഒരു കിണറിൽ ഒരുമിച്ചുകൂട്ടപ്പെടുകയാണെന്ന വാദമാണ് ഇദ്ദേഹം ഉയർത്തിയത്. ഈ വിവരം ഫൈസൽ രാജാവിന്റെ ചെവിയിലുമെത്തി. ഉടൻ തന്നെ പരിശോധനക്കായി സംസം വെള്ളത്തിന്റെ സാമ്പിളുകൾ യൂറോപ്പിലെ ലാബുകളിലേക്ക് അയക്കുന്നതിന് കൃഷി, ജല മന്ത്രാലയത്തിന് രാജാവ് നിർദേശം നൽകി. പഠനത്തിന്റെ ഭാഗമായി മക്കയിലെത്തിയ യൂറോപ്യൻ വിദഗ്ധർ സംസം കിണർ കണ്ട് അമ്പരന്നു. ഇത്രയും ചെറിയ കിണർ നൂറ്റാണ്ടുകളായി കോടിക്കണക്കിന് ഗ്യാലൻ വെള്ളം നൽകിവരുന്നത് അവർക്ക് വിശ്വസിക്കുന്നതിന് സാധിച്ചില്ല. 


മക്ക നഗരത്തിലെ മറ്റു ഭാഗങ്ങളിൽ കുടിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളവും സംസം വെള്ളവും തമ്മിൽ വ്യത്യാസമുള്ളതായി പഠനത്തിൽ വ്യക്തമായി. സംസം വെള്ളത്തിൽ കാൽസ്യത്തിന്റെയും മെഗ്നീഷ്യത്തിന്റെയും തോത് കൂടുതലാണ്. ഇതാണ് സംസം കുടിക്കുന്ന തീർഥാടകർക്ക് ഉന്മേഷം നൽകുന്നത്. രോഗാണുക്കളെ ചെറുക്കുന്ന ഫ്‌ളോറൈഡുകളും സംസം വെള്ളത്തിൽ അടങ്ങിയതായി കണ്ടെത്തി. സംസം വെള്ളം ഉപയോഗയോഗ്യമാണെന്ന് യൂറോപ്യൻ ലാബുകളിൽ നടത്തിയ പരിശോധനകളിൽ വ്യക്തമായി. ഈ വിവരം അറിഞ്ഞ് ഫൈസൽ രാജാവ് അതിയായി സന്തോഷിക്കുകയും ആദ്യ വാർത്തക്ക് തിരുത്തൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ മാധ്യമസ്ഥാപനത്തിന് കത്തയക്കുകയും ചെയ്തു. മറ്റു നഗരങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ പോലെ ബ്ലീച്ചിംഗ് പൗഡർ ഇട്ടോ രാസപദാർഥങ്ങൾ ചേർത്തോ സംസം വെള്ളം ശുദ്ധീകരിക്കന്നില്ല എന്നതും പ്രത്യേകതയാണ്. രാസപദാർഥങ്ങളൊന്നും ചേർക്കാതെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചാണ് സംസം അണുവിമുക്തമാക്കുന്നത്. പായലുകളും പൂപ്പലുകളും ചെടികളും വളർന്ന് കാലക്രമേണ വെള്ളം കേടാകുന്നത് സാധാരണ എല്ലാ കിണറുകളിലും കണ്ടുവരുന്ന പ്രതിഭാസമാണ്. ഇത്തരമൊരു പ്രശ്‌നം സംസം കിണറിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ല. ഭൂമിലോകത്തെ ഏറ്റവും നല്ല വെള്ളം എന്ന് സംസമിനെ വിശേഷിപ്പിച്ചത് പ്രവാചകനാണ്. സംസം, സമം, സമാസിം, റക്ദതു ജബ്‌റാഈൽ, ശബാഅ, ശിഫാ സഖം, ത്വആം ത്വഅം, ത്വആമുൽഅബ്‌റാർ തുടങ്ങി സംസം കിണറിന് പന്ത്രണ്ടു പേരുകളുള്ളതായി ലിസാനുൽ അറബിൽ, ബിൻ മൻസൂർ പ്രതിപാദിക്കുന്നു. 
സംസം കിണർ പരിചരിക്കുന്നതിന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം തൊട്ട് സൗദി ഭരണാധികാരികൾ അതീവ ശ്രദ്ധയും പരിഗണനയുമാണ് നൽകുന്നത്. സംസം കിണർ പുനരുദ്ധാരണ പദ്ധതിക്ക് സൽമാൻ രാജാവ് നൽകിയ നിർദേശം ഇരു ഹറമുകളുടെയും പരിചരണത്തിന് സൗദി ഭരണാധികാരികൾ കാണിക്കുന്ന ശ്രദ്ധയുടെയും താൽപര്യത്തിന്റെയും നിദർശനമാണ്. 
സംസം കിണറിൽ നിന്നുള്ള വെള്ളം ശേഖരിച്ച് തീർഥാടകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനും വെയിലും മഴയും കൊള്ളാതെ തീർഥാടകർക്ക് കിണറിൽ നിന്ന് സംസം ശേഖരിക്കുന്നതിനും മതാഫിൽ കെട്ടിടം നിർമിക്കുന്നതിന് അബ്ദുൽ അസീസ് രാജാവ് നിർദേശം നൽകിയിരുന്നു. സംസം വെള്ളം ശേഖരിക്കുന്നതിന് തീർഥാടകർക്കുള്ള പ്രയാസം ദൂരീകരിക്കുന്നതിന് ശ്രമിച്ചായിരുന്നു ഇത്. മതാഫിന്റെ മധ്യഭാഗത്തായിരുന്ന സംസം കെട്ടിടത്തിന് പലനിലകളുണ്ടായിരുന്നു. ഇതിനുള്ളിലായിരുന്നു സംസം കിണറിന്റെ വായ്ഭാഗം. മുകൾ ഭാഗത്ത് ചെമ്പ് കൊണ്ട് ആൾമറ നിർമിച്ചിരുന്നു. ഇതിനു മുകളിലായി കിണറിന് മൂടിയും സ്ഥാപിച്ചിരുന്നു. വെള്ളം കോരുന്നതിന് പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിച്ച കപ്പിയും ഹിജ്‌റ 1,299 ൽ നിർമിച്ച ചെമ്പു കൊണ്ടുള്ള ബക്കറ്റും ഇവിടെയുണ്ടായിരുന്നു. ഇവയിപ്പോൾ ഉമ്മുൽജൂദ് ഹറം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 


എന്നാൽ ത്വവാഫ് കർമം നിർവഹിക്കുന്നവർക്ക് മതാഫിലെ പ്രയാസം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് ഈ കെട്ടിടം പൊളിച്ചുനീക്കി. മതാഫ് വികസന പദ്ധതിയുടെ ഭാഗമായി ഹിജ്‌റ 1377 ലാണ് സംസം കിണർ കെട്ടിടം പൊളിച്ചുനീക്കിയത്. കിണറിലേക്കുള്ള പ്രവേശനം മതാഫിന് താഴെ കൂടിയാക്കി. ഇതോടെയാണ് പ്ലാസ്റ്റിക് ജാറുകൾ വഴി വിശുദ്ധ ഹറമിൽ എല്ലാ ഭാഗത്തും സംസം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായത്. സംസം കിണർ വീക്ഷിക്കുന്നതിന് തീർഥാടകർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തി. ഖാലിദ് രാജാവിന്റെ നിർദേശാനുസരണം ഹിജ്‌റ 1400 ലാണ് സംസം കിണറിൽ ഏറ്റവും വലിയ ശുദ്ധീകരണ ജോലികൾ നടന്നത്. ഹറം കലാപത്തിനിടെ മൃതദേഹങ്ങൾ സംസം കിണറിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. എൻജിനീയർ യഹ്‌യ കുശ്കിന്റെ നേതൃത്വത്തിലുള്ള സംഘവും മുങ്ങൽ വിദഗ്ധരും ചേർന്നാണ് സംസം കിണർ വൃത്തിയാക്കിയത്. 
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ മതാഫിൽ തീർഥാടകർക്ക് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന് ശ്രമിച്ച് 1424 ൽ ഫഹദ് രാജാവിന്റെ കാലത്ത് മതാഫിന്റെ അടിഭാഗത്ത് സംസം കിണറുള്ള പ്രദേശത്തേക്ക് മതാഫിൽ നിന്നുള്ള പ്രവേശന കവാടങ്ങൾ അടച്ചു. സംസം കിണറിനു നേരെ മുകളിൽ മതാഫിൽ മാർബിൾ വൃത്തത്തിനകത്ത് സംസം കിണർ എന്ന് രേഖപ്പെടുത്തിയ അടയാളം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഈ അടയാളവും നീക്കം ചെയ്തു. സംസം കിണറുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികളുടെ കാലത്ത് പ്രഖ്യാപിച്ച വികസനപദ്ധതികളിലെ പുതിയതാണ് കഴിഞ്ഞയാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പുനരുദ്ധാരണ പദ്ധതി.
രണ്ടു ഭാഗങ്ങൾ അടങ്ങിയതാണ് ഈ പദ്ധതി. സംസം കിണറിലേക്കുള്ള സർവീസ് ടണലുകളുടെ നിർമാണമാണ് ഇതിൽ ഒന്ന്. മതാഫിന് അടിയിലൂടെ ആകെ എട്ടു മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിൽ അഞ്ചു ടണലുകളാണ് നിർമിക്കുന്നത്. സംസം വെള്ളം അണുവിമുക്തമാക്കലും സംസം കിണറിനു ചുറ്റുമുള്ള പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണവുമാണ് രണ്ടാമത്തെ ഭാഗം. പഴയ ഹറമിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങളും ഇരുമ്പ് കമ്പി അവശിഷ്ടങ്ങളും സംസം വെള്ളത്തിന്റെ പരിശുദ്ധിയെ ബാധിക്കാതെ നോക്കുന്നതിന് പ്രദേശത്ത് ചെറുകല്ലുകൾ (മെറ്റൽ) നിറക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ സംസം കിണറിലേക്കുള്ള നീരുറവകളുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും സാധിക്കും. ഏഴു മാസമെടുത്താണ് സംസം കിണർ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അടുത്ത റമദാനു മുമ്പായി പദ്ധതി പൂർത്തിയാകും. 
സംസം വെള്ളം ഓട്ടോമാറ്റിക് ആയി ശുദ്ധീകരിച്ച് ബോട്ടിൽ ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള കിംഗ് അബ്ദുല്ല പദ്ധതി 2010 ൽ സൗദി അറേബ്യ ആരംഭിച്ചു. 70 കോടി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിശുദ്ധ ഹറമിൽ നിന്ന് നാലര കിലോമീറ്റർ ദൂരെയാണ് കിംഗ് അബ്ദുല്ല സംസം ബോട്ട്‌ലിംഗ് പ്ലാന്റ്. വിശുദ്ധ ഹറമിൽ വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളവും ഇവിടെ നിന്നാണ് ലഭ്യമാക്കുന്നത്. മദീനയിൽ മസ്ജിദുന്നബവിയിലെ സംസം ടാങ്കുകളിലേക്കും ഇവിടെ നിന്ന് ടാങ്കറുകളിൽ സംസം എത്തിക്കുന്നു. ഹജ്, ഉംറ സീസണുകളിൽ പ്രതിദിനം 250 ടണ്ണും അല്ലാത്ത കാലത്ത് പ്രതിദിനം 120 ടണ്ണും സംസം ആണ് മദീനയിൽ വിതരണത്തിന് എത്തിക്കുന്നത്. മസ്ജിദുന്നബവിയിൽ സംസം വിതരണത്തിന് ഏഴായിരം ജാറുകളുണ്ട്. കൂടാതെ മസ്ജിദുന്നബവിയിൽ ടാപ്പുകൾ വഴിയും സംസം വിതരണം ചെയ്യുന്നു. 


സംസം വെള്ളവുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങൾക്ക് സൗദി ജിയോളിജിക്കൽ സർവേക്കു കീഴിൽ റിസേർച്ച് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. സംസം കിണറിലെ വെള്ളത്തിന്റെ ഉറവിടങ്ങൾ അറിയുന്നതിനും അവ നിരീക്ഷിക്കുന്നതിനും വർധിച്ചുവരുന്ന തീർഥാടകർക്ക് സംസം വെള്ളം മുടങ്ങാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി പഠനങ്ങൾ സെന്റർ ആരംഭിച്ചിട്ടുണ്ട്. പഴയ കാലത്ത് പ്രാഥമിക ഉപകരണമായ ഹൈഡ്രോഗ്രാഫ് ഡ്രം ഉപയോഗിച്ചാണ് സംസം കിണറിലെ ജലവിതാനം നിരീക്ഷിച്ചിരുന്നത്. ഇപ്പോൾ അത്യാധുനിക പരാമീറ്ററാണ് ഇതിന് ഉപയോഗിക്കുന്നത്. വെള്ളത്തിലെ അമ്ലാംശം, ചൂട് എന്നിവയെല്ലാം പാരാമീറ്റർ, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ രേഖപ്പെടുത്തുന്നു. ഈ റെക്കോർഡുകൾ ഇന്റർനെറ്റ് വഴി എളുപ്പത്തിൽ പരിശോധിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും സാധിക്കും. ഇതിന് കിണറിനു സമീപം പോകേണ്ട ആവശ്യമില്ല. 
കോടിക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും വിശുദ്ധ ഹറമിൽ എത്തുന്നത്. കഴിഞ്ഞ വർഷം വിദേശ രാഷ്ട്രങ്ങളിൽ നിന്ന് 67 ലക്ഷത്തോളം ഉംറ തീർഥാടകരും 18 ലക്ഷത്തോളം ഹജ് തീർഥാടകരും എത്തി. സൗദി അറേബ്യയുടെ മുക്കുമൂലകളിൽ നിന്ന് വരുന്നവരും മക്ക നിവാസികളും സൗദിയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലാത്ത ഗൾഫ് പൗരന്മാരും ഇവർക്കു പുറമെയാണ്. ഇവരെല്ലാവരും മതിവരുവോളം തീർഥജലം കുടിക്കുകയും മടക്ക യാത്രയിൽ സാധ്യമായത്ര സംസം ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. അധരങ്ങൾക്കിടയിലൂടെ അവസാനമായി പകർന്നുനൽകി വിശ്വാസികളുടെ അന്ത്യയാത്രാ നിമിഷങ്ങൾ ധന്യമാക്കുന്നതിനുള്ള പുണ്യജലമായും സംസം വെള്ളത്തെ വിശ്വാസികൾ കാണുന്നു.  

Latest News