റിയാദ് - നിയമാനുസൃത പരിധിയിൽ കൂടുതലുള്ള പണത്തെ കുറിച്ച് യാത്രക്കാർ മുൻകൂട്ടി വെളിപ്പെടുത്താതിരുന്നാൽ പിഴ ലഭിക്കുമെന്ന് സൗദി കസ്റ്റംസ് മുന്നറിയിപ്പ് നൽകി. പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലിൽ കൂടുതലുള്ള തുകയെ കുറിച്ച് സൗദിയിലേക്ക് വരുന്നവരും സൗദി അറേബ്യ വിടുന്നവരും കസ്റ്റംസിനു മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്തൽ നിർബന്ധമാണ്. സൗദി കസ്റ്റംസിന്റെ വെബ്‌സൈറ്റിലെ ഡിക്ലറേഷൻ പേജ് വഴി ഫോറം പൂരിപ്പിച്ച് യാത്രക്കാർക്ക് പരിധിയിൽ കൂടുതലുള്ള പണത്തെ കുറിച്ച് മുൻകൂട്ടി വെളിപ്പെടുത്താൻ സാധിക്കും.
ഡിക്ലറേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ഓൺലൈൻ വഴി നൽകിയ ഡിക്ലറേഷന്റെ റഫറൻസ് നമ്പർ എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിർത്തി പോസ്റ്റുകളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറണം. സൗദി കസ്റ്റംസിന്റെ ആപ് വഴിയും ഡിക്ലറേഷൻ നൽകാൻ സാധിക്കും. അതിർത്തി പ്രവേശന കവാടങ്ങളിലെ കസ്റ്റംസ് ഡിക്ലറേഷൻ ഓഫീസുകളിലും ഡിക്ലറേഷൻ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ചു നൽകിയാലും മതി. നിരോധിത ഉൽപന്നങ്ങളോ ഇറക്കുമതിക്കും കയറ്റുമതിക്കും നിയന്ത്രമുള്ള ഉൽപന്നങ്ങളോ നികുതികളും ഫീസുകളും ബാധകമായ ഉൽപന്നങ്ങളോ കൈവശമുള്ള യാത്രക്കാരും ഇതേപോലെ ഡിക്ലറേഷൻ നൽകണം.
ഡിക്ലറേഷൻ നൽകാത്ത യാത്രക്കാർക്കും തെറ്റായ ഡിക്ലറേഷൻ നൽകുന്നവർക്കും പിടികൂടുന്ന പണത്തിന്റെയും വസ്തുക്കളുടെയും മൂല്യത്തിന്റെ 25 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും. ആദ്യമായി നിയമ ലംഘനം നടത്തുന്നവർക്കാണ് 25 ശതമാനം പിഴ ചുമത്തുക. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 50 ശതമാനം പിഴ ചുമത്തും. കുറ്റകൃത്യങ്ങളുമായോ പണം വെളുപ്പിക്കലുമായോ ബന്ധമില്ലെന്ന് സ്ഥിരീകരിക്കുന്ന പക്ഷമാണ് പിടികൂടുന്ന പണത്തിന്റെയും വസ്തുക്കളുടെയും മൂല്യത്തിന്റെ 25 ശതമാനത്തിനും 50 ശതമാനത്തിനും തുല്യമായ തുക പിഴ ചുമത്തുക. കുറ്റകൃത്യങ്ങളുമായോ പണം വെളുപ്പിക്കലുമായോ ബന്ധമുള്ളതായി സംശയിക്കുന്ന പക്ഷം പണം മുഴുവൻ കസ്റ്റഡിയിലെടുത്ത് നിയമ നടപടികൾക്ക് നിയമ ലംഘകനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും സൗദി കസ്റ്റംസ് പറഞ്ഞു.