ജിദ്ദ- മൂന്നു പതിറ്റാണ്ടു കാലത്തോളം മദീനയില്‍ പ്രവാസിയായിരുന്ന മീഞ്ചന്ത തണല്‍ ഹൗസില്‍ പി.ടി. മൂസക്കോയ (68) നിര്യാതനായി. കോഴിക്കോട് പരേതരായ എണ്ണപ്പാടം പണ്ടാരത്തോപ്പില്‍ മൊയ്തീന്‍ കോയയുടെയും ആയിശ ബീവിയുടെയും മകനാണ്.
മദീനയില്‍ ഈത്തപ്പന തോട്ടത്തിന്റെ ചുമതലക്കാരനായാണ് ജോലി ചെയ്തിരുന്നത്. മലയാളം ന്യൂസിന്റെ തുടക്കം മുതല്‍ പത്തു വര്‍ഷത്തിലേറെക്കാലം മദീന ലേഖകനായിരുന്നു. തീര്‍ഥാടകരുമായി ബന്ധപ്പെട്ടതും പ്രവാസികളുടെ വിഷയങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഒട്ടേറെ കഥകളും ലേഖനങ്ങളും മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണക്കാരനില്‍ സാധാരണക്കാരനായി പ്രവാസ ജീവിതം നയിച്ചിരുന്നപ്പോഴും എഴുത്തിനും വായനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
പ്രവാസം അവസാനിപ്പിച്ച ശേഷം ഏതാനും വര്‍ഷം കോഴിക്കോട് കല്ലായിയില്‍ റോത്താന എന്ന പേരില്‍ റെഡിമെയ്ഡ്‌സ് കട നടത്തിയിരുന്നു. പ്രവാസത്തിനു മുമ്പ് അതിരാണിപ്പാടം മൂസക്കോയ എന്ന തൂലികാ നാമത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ പ്രതിഭാശേഷിയെ തേച്ചുമിനുക്കാന്‍ മെനക്കെടാതെ പ്രാരബ്ധങ്ങള്‍ക്കിടയില്‍ വിമാനം കയറുകയായിരുന്നു. കോഴിക്കോട്ടെ കൂട്ടായ്മയായ ഗുഡ്‌വില്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം സാംസ്‌കാരിക, സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആയിശാബി. മക്കള്‍: പി.ടി.അനീസ്, പി.ടി.സലീം, അസീത, കെ.എം.അന്‍വര്‍. മരുമക്കള്‍: ഒലീസ്, ഹസീന, മുഫീദ, ശബാന ഷെറിന്‍.