Sorry, you need to enable JavaScript to visit this website.

ഇന്റർനാഷണൽ സ്‌കൂളുകളിൽ 40 ശതമാനവും അടച്ചുപൂട്ടും

ജിദ്ദ- അടുത്ത വർഷം അവസാനത്തിലും 2019 ന്റെ തുടക്കത്തിലുമായി രാജ്യത്തെ 40 ശതമാനം ഇന്റർനാഷണൽ സ്‌കൂളുകളും അടച്ചുപൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്. സ്‌കൂൾ നടത്തിപ്പിനുള്ള ചെലവ് വർധിച്ചതും വരുമാനം വലിയ തോതിൽ ഇടിഞ്ഞതും കാരണം അടച്ചുപൂട്ടുകയല്ലാതെ മാർഗമില്ലെന്ന് ചില സ്‌കൂൾ ഉടമകൾ വ്യക്തമാക്കി. 
ചില സ്‌കൂളുകളിൽ ഇപ്പോൾ തന്നെ 50 ശതമാനം വിദ്യാർഥികൾ കൊഴിഞ്ഞു പോയിട്ടുണ്ട്.
 അതിനാൽ 2019 ന്റെ തുടക്കത്തിൽ തന്നെ 40 ശതമാനം സ്‌കൂളുകൾക്ക് എങ്കിലും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇന്റർനാഷണൽ സ്‌കൂൾസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് സിയാദ് അൽറഹ്മത്ത് അഭിപ്രായപ്പെട്ടു.
നിലവിൽ ഈ സ്‌കൂളുകളിൽ സ്വദേശി വിദ്യാർഥികളുടെ തോത് വളരെ കുറവാണ്. പാഠ്യപദ്ധതി കുറച്ചധികം പ്രയാസമെന്ന് തോന്നുന്നതിനാൽ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ചേരുന്നതിന് സൗദി വിദ്യാർഥികളിൽ അധികവും വിമുഖത പ്രകടപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി വിദ്യാർഥികളുടെ ആധിക്യമുണ്ടെങ്കിൽ ഒരു പരിധി വരെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമായിരുന്നു. 
വർധിച്ച ചെലവുകൾ കാരണം ഈ സ്‌കൂളുകളിലെ ഫീസ് നിരക്ക് കുറക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ സാധിക്കുകയില്ല. എങ്കിലും ബഹുഭൂരിപക്ഷം സ്‌കൂൾ ഉടമകളും പ്രതിസന്ധി മറികടക്കുന്നതിന് ചെലവുകൾ 60 ശതമാനത്തിലേറെ കുറക്കാൻ നിർബന്ധിതരായി. ചില സ്‌കൂളുകൾ ഇപ്പോൾ തന്നെ 20 ശതമാനം ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും സിയാദ് അൽറഹ്മത്ത് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ മുതൽ ആശ്രിത ലെവി ഏർപ്പെടുത്തിയത് കാരണം ആയിരക്കണക്കിന് വിദേശികൾ ഇതിനോടകം തന്നെ സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.  ആശ്രിത ലെവി 2018 ജൂലൈ മുതൽ പ്രതിമാസം 200 റിയാൽ ആയി വർധിക്കും. 
അതിനാൽ തന്നെ, നാടുകളിലേക്ക് കുടുംബങ്ങളെ അയക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. 
വിദേശ തൊഴിലാളികൾക്ക് നൽകുന്ന ലെവിയും അടുത്ത വർഷം മുതൽ വർധിക്കുന്നതും പ്രവാസം അവസാനിപ്പിക്കുന്നതിന് നിരവധി പേർക്ക് പ്രേരകമാകും. 

Latest News