ജിദ്ദ- എം.പിയായ ശേഷം ഇതാദ്യമായി ഉംറ നിർവഹിക്കാനെത്തിയ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിക്ക് കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ജിദ്ദ വിമാനത്താവളത്തിൽ വൻ വരവേൽപ് നൽകി. കുടുംബ സമേതമാണ് ഇന്നലെ വൈകുന്നേരം കുഞ്ഞാലിക്കുട്ടി ഉംറ നിർവഹിക്കാനെത്തിയത്. ഇന്ന് മക്കയിൽ തങ്ങുന്ന അദ്ദേഹം നാളെ മദീന സന്ദർശിക്കും.
ചൊവ്വാഴ്ച ഉച്ചയോടെ ജിദ്ദയിലെത്തി അന്ന് രാത്രി നാട്ടിലേക്ക് മടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഇംപാല ഗാർഡനിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സ്വീകരണ ശേഷമായിരിക്കും നാട്ടിലേക്കു മടങ്ങുക. കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാൻ സൗദി നാഷണൽ കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജിദ്ദയിലെയും മക്കയിലെയും കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്, അബൂബക്കർ അരിമ്പ്ര, സി.കെ ശാക്കിർ, ഇസ്മായിൽ മുണ്ടക്കുളം, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, ടി.പി ശുഐബ്, മജീദ് പുകയൂർ, കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, പി.കെ അലി അക്ബർ, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, നാസർ വെളിയംകോട്, വി.പി മുസ്തഫ, ഹസൻ ബത്തേരി, വ്യവസായ പ്രമുഖരായ വി.പി മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ്, റഹീം പട്ടർകടവൻ, വി.പി സിയാസ്, കെ.ടി അബ്ദുൽ ഹഖ്, പി.പി ആലിപ്പു തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.