ഗെയിൽ വിരുദ്ധ സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറി എന്നാണ് ഭക്തജനങ്ങൾ പ്രചരിപ്പിക്കുന്നത്. പ്രാകൃത ബോധത്തിൽ ജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടുകാർ കുഴിമാടത്തിൽനിന്ന് എണീറ്റുവന്ന് പുതിയ പ്രവാചകൻമാർക്ക് നേരെ പോരാട്ടം നടത്തിയിരിക്കുന്നുവത്രെ.
മുഹമ്മദ് നബീൽ എന്ന കുട്ടിയുടെ വെളിപ്പെടുത്തലുണ്ട്. അതിങ്ങനെയാണ്.
പോലീസ് ഓടിവരുന്നത് കണ്ട് പേടിച്ച് സഹോദരന്റെ വീട്ടിലേക്ക് ഓടിപ്പോയതായിരുന്നു ഞാൻ. വീട്ടിനുള്ളിലേക്ക് കുതിച്ചെത്തിയ പോലീസ് തൂക്കിയെടുത്ത് പോലീസ് ബസിലേക്കിട്ടു. ബസിൽ നിലത്തിട്ട് ക്രൂരമായി മർദ്ദിച്ചു. നീ തന്നെയാണ് അക്രമണം നടത്തിയത് എന്നാക്രോശിച്ച് മുഖത്ത് വലിയ ശക്തിയിൽ കുത്തി. അല്ലെന്ന് പറഞ്ഞപ്പോൾ അക്രമം നടത്തിയ അഞ്ചു പേരുടെ പേര് പറയാൻ പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞപ്പോൾ നീ ജീവിതകാലം മുഴുവൻ ജയിലിൽനിന്ന് ഇറങ്ങില്ലെന്നായി. താടിവെച്ച നീ തീവ്രവാദിയാണ് എന്നാക്രോശിച്ചു. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പിന്തുണ ഞങ്ങൾക്കുണ്ടെന്നും നിന്നെയൊക്കെ കൊന്നാൽ പോലും ആരും ചോദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. നാലു പോലീസുകാർ ചേർന്നാണ് അക്രമിച്ചത്. ബസിലുണ്ടായിരുന്ന മറ്റൊരു പതിനാറു വയസുകാരനെയും അതിക്രൂരമായി മർദ്ദിച്ചു. ബസിന് പിറകിൽ വരികയായിരുന്ന പ്രാദേശിക ചാനൽ പ്രവർത്തകർ കാണാതിരിക്കാനാണ് നിലത്തിട്ട് മർദ്ദിച്ചത്. പോലീസുകാരുടെ മുഖത്ത് നോക്കിയാൽ പോലും ക്രൂരമായ മർദ്ദനമായിരുന്നു. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടാണെന്നും നബീൽ പറയുന്നു.മുഖത്ത് സർജറി കഴിഞ്ഞശേഷം വിശ്രമിക്കുകയായിരുന്ന നബീലിനെയാണ് പോലീസ് ഇത്തരത്തിൽ ക്രൂരമായി മർദ്ദിച്ചത്.
ഇതാണ് മുക്കത്തെ പോലീസ് ചെയ്തത്. ഇത്തരം ക്രൂരതകൾ സമീപകാലത്ത് എവിടെയങ്കിലും നടന്നിട്ടുണ്ടോ. ജനം സമരം ചെയ്യുന്നത് വികസനത്തിനെതിരായിട്ടല്ല. അവരുടെ കിടപ്പാടത്തിന് വേണ്ടിയാണ്. ന്യായമായ ആവശ്യങ്ങളല്ല അവരുന്നയിക്കുന്നത് എന്ന് പ്രാദേശിക സി.പി.എം പ്രവർത്തകർ പോലും പറയുന്നില്ല. പദ്ധതിയെ പറ്റി അവർക്ക് ആശങ്കയുണ്ട്. അവരുടെ ഭൂമിയുടെ നെഞ്ച് കീറിപോകുന്ന പൈപ്പ്‌ലൈനിനെ പറ്റി അവർക്ക് ബേജാറുണ്ട്. അത് തീർത്തുകൊടുക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
ജനവാസ മേഖലയിലൂടെ പൈപ്പ് ലൈൻ കടന്നുപോകുന്നത് പ്രശ്‌നമുണ്ടാക്കുമെന്ന് മുൻ സർക്കാറിന് ഗെയിൽ തന്നെ എഴുതിക്കൊടുത്തിട്ടുണ്ട്.് അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിനാണ് അവർ കത്ത് നൽകിയത്. അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഗെയിൽ തന്നെ പറയുന്നു. അതായത്, സർക്കാറിന്റെ അലംഭാവത്തിന് ഉത്തരവാദിത്തം ഏൽക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല. അവരത് ചോദ്യം ചെയ്യുക തന്നെ ചെയ്യും.
സമരഭൂമിയിൽ നമസ്‌കാരം നടത്തി എന്നാണ് വലിയൊരു ആക്ഷേപം. സമയമായാൽ നമസ്‌കരിക്കുക എന്നത് കാലങ്ങളായി ചെയ്തുവരുന്നതാണ്. അത് ചെയ്യുന്നതിൽ വരെ വർഗീയത കാണുന്നവരേക്കാൾ വലിയ ഫാസിസ്റ്റുകളുണ്ടോ. പിണറായി വിജയൻ നയിച്ച കേരള യാത്രക്കിടെ നമസ്‌കരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് ബഹുമാന്യനായ കെ.ടി ജലീലായിരുന്നു. നമസ്‌കാരമൊന്നും ഒരു രാഷ്ട്രീയ ടൂൾ അല്ല. അതിന്റെയൊക്കെ കാലം കഴിഞ്ഞു. മനുഷ്യരുടെ വിശ്വാസവും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം വർഗീയതയുമായി കൂട്ടിച്ചേർത്തുവായിക്കുന്നവരുടെ മനസിലെ വിഷം കാണാതിരിക്കരുത്. അവരാണ് ഏറ്റവും വലിയ അപകടകാരികൾ.
റോഡിലെ നമസ്‌കാരവും ജമാഅത്ത് ഭൂമിയിലെ പൈപ്പ് സൂക്ഷിക്കലുമെല്ലാം എടുത്തിട്ടാണ് കുറെ ജനങ്ങളുടെ സ്വപ്‌നങ്ങളെ തച്ചുതകർക്കാൻ കാരണമുണ്ടാക്കുന്നത്. പൈപ്പ് ലൈൻ കടന്നുപോകുന്നത് വഴി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് ഔദ്യോഗികമായി പറയാൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല. അവർക്കെല്ലാം അതറിയാം. ഈ പൈപ്പ് ലൈൻ എത്ര രാഷ്ട്രീയ നേതാക്കളുടെ മുറ്റം വഴി കടന്നുപോകുന്നുണ്ട്. റോഡ് വീതി കൂട്ടാൻ വേണ്ടി സ്വന്തം വീട് ഒഴിഞ്ഞുകൊടുത്ത് മന്ത്രി ജി. സുധാകരന്റെ വിശാല മനസ്‌കതയൊന്നും അധികമാർക്കും ഉണ്ടാകുമെന്നും തോന്നുന്നില്ല.
ഇന്ന് മന്ത്രി ജലീൽ പറഞ്ഞ ഒരു കാര്യം കൂടിയുണ്ട്..
ആകാശത്തിലൂടെ വിമാനം പറക്കുന്നത് തടയാൻ പറ്റുമായിരുന്നെങ്കിൽ നാം അതും തടയുമായിരുന്നുവെന്ന്. മഹല്ല് കമ്മിറ്റിയുടെ അനുമതിയില്ലാതെ പള്ളിപറമ്പിലൂടെ വിമാനം പറത്താൻ പറ്റില്ലെന്നുള്ള കത്ത് മഹല്ല് കമ്മിറ്റി നൽകുമായിരുന്നുവെന്നാണ് ജലീൽ പറയുന്നത്.
മലപ്പുറത്ത്് കൊണ്ടോട്ടിക്കടുത്ത് തുറക്കൽ എന്ന സ്ഥലമുണ്ട്. കുറെ വർഷം മുമ്പ് അതുവഴി യാത്ര ചെയ്തിരുന്നവർക്കറിയാം. തുറക്കൽ വളവിലെ റോഡിന്റെ വീതിക്കുറവ്. രണ്ടു ഭാഗത്തും പള്ളിപ്പറമ്പ്. ഇപ്പോൾ അതുവഴി പോകുമ്പോൾ ജലീൽ ഒന്നും വണ്ടി നിർത്തി നോക്കണം. റോഡിന്റെ വീതി. ആ സ്ഥലം മുഴുവൻ പള്ളിക്കമ്മിറ്റി വിട്ടുകൊടുത്തതാണ്. അതുപോലുള്ള ഒട്ടേറെ കമ്മിറ്റികളുണ്ട് ജലീൽ സാഹിബേ. ക്ഷേത്രവും ചർച്ചും പള്ളിയുമൊന്നും വികസനത്തിന് എതിരല്ല. ഭരണത്തിനനസുരിച്ച് നിലപാട് മാറ്റുന്നവരെ ജനങ്ങൾക്ക് വെറുപ്പാണ്. കരിമണൽ ഖനനം സംബന്ധിച്ച അങ്ങയുടെ പഴയ നിലപാടും ഇപ്പോൾ മാറിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.