Sorry, you need to enable JavaScript to visit this website.

താടി പിടിച്ചുവലിച്ചു, നീ തീവ്രവാദിയല്ലേ എന്ന് ചോദിച്ചു; ഗെയിൽ സമരത്തിൽ നടന്നത്

മുക്കം- ഗെയിൽ പൈപ്പ്‌ലൈനിനെതിരെ സമരം നടന്ന മുക്കം എരഞ്ഞിമാവിൽ പോലീസ് സ്വീകരിച്ചത് വർഗീയ നടപടികളെന്ന് ആക്ഷേപം. അറസ്റ്റിലായവരുടെ താടിപിടിച്ച് വലിച്ച് താനൊരു തീവ്രവാദിയല്ലേ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. പോലീസ് മർദ്ദനത്തിന് ഇരയായ മുഹമ്മദ് നബീൽ എന്ന യുവാവാവ് പ്രാദേശിക ടി.വി ചാനലിനോട് ഇക്കാര്യം പറഞ്ഞത്. സഹോദരന്റെ വീട്ടിൽനിന്നാണ് നബീലിനെ പോലീസ് പിടിച്ചിറക്കി കൊണ്ടുപോയത്. പോലീസ് ഓടിവരുന്നത് കണ്ട് വീട്ടിലേക്ക് ഓടിപ്പോയതായിരുന്നു അസുഖബാധിതൻ കൂടിയായ നബീൽ. എന്നാൽ പിറകെ വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പോലീസ് നബീലിനെ തൂക്കിയെടുത്ത് പോലീസ് ബസിലേക്ക് കയറ്റി. ബസിൽ നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് നബീൽ ആരോപിക്കുന്നത്. നീ തന്നെയാണ് അക്രമണം നടത്തിയത് എന്നാക്രോശിച്ച് മുഖത്ത് വലിയ ശക്തിയിൽ കുത്തി. അല്ലെന്ന് പറഞ്ഞപ്പോൾ അഞ്ചു പേരുടെ പേര് പറയാൻ പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ നീ ജീവിതകാലം മുഴുവൻ ജയിലിൽനിന്ന് ഇറങ്ങില്ലെന്നായി. തുടർന്നായിരുന്നു മർദ്ദനം.

താടിവെച്ച താൻ തീവ്രവാദിയാണ് എന്ന് പറഞ്ഞപ്പോൾ ഇപ്പോഴത്തെ ജനറേഷൻ താടിവെക്കുന്നവരാണെന്ന് തിരച്ചുപറഞ്ഞെങ്കിലും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പിന്തുണ ഞങ്ങൾക്കുണ്ടെന്നും നിന്നെയൊക്കെ കൊന്നാൽ പോലും ആരും ചോദിക്കില്ലെന്നും പോലീസ് പറഞ്ഞു.

നാലു പോലീസുകാർ ചേർന്നാണ് അക്രമിച്ചത്. ബസിലുണ്ടായിരുന്ന മറ്റൊരു പതിനാറു വയസുകാരനെയും അതിക്രൂരമായി മർദ്ദിച്ചു. ബസിന് പിറകിൽ വരികയായിരുന്ന പ്രാദേശിക ചാനൽ പ്രവർത്തകർ കാണാതിരിക്കാനാണ് നിലത്തിട്ട് മർദ്ദിച്ചത്. ഇക്കാര്യം പോലീസുകാർ തന്നെ പറയുന്നുണ്ടായിരുന്നുവെന്നും നബീൽ വ്യക്തമാക്കി. പോലീസുകാരുടെ മുഖത്ത് നോക്കിയാൽ പോലും ക്രൂരമായ മർദ്ദനമായിരുന്നു. മുഖത്ത് സർജറി കഴിഞ്ഞശേഷം വിശ്രമിക്കുകയായിരുന്ന നബീലിനെയാണ് പോലീസ് ഇത്തരത്തിൽ ക്രൂരമായി മർദ്ദിച്ചത്. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടാണെന്നും നബീൽ പറയുന്നു.

മുക്കത്ത് പോലീസ് നരനായാട്ടാണ് നടത്തിയതെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലാണ് ക്രൂരത അരങ്ങേറിയതെന്നും ഡി.ജി.പിക്ക് പരാതി നൽകിയതായും പൗരൻ വ്യക്തമാക്കി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത നടപടിയിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് ഡി.ജി.പി ഉറപ്പുനൽകിയതായി പൗരൻ വ്യക്തമാക്കി.
 

Latest News