തിരുവനന്തപുരം- കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും തിരയുന്നവരുടെയും ഡൗണ്‍ലോഡ്, അപ്‌ലോഡ് ചെയ്യുന്നവരുടെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് കേരള പോലീസ്. ഇവരുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍സമയവും നിരീക്ഷണത്തിലാണ്.
കേരള സൈബര്‍ ഡോമും കൗണ്ടറിങ് ചൈല്‍ഡ് സെക്്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ വിഭാഗവുമാണ് 350 പേരുടെ വിവരം ശേഖരിച്ചത്.
കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്ന ഓപ്പറേഷന്‍ പി ഹണ്ട് പദ്ധതിയുടെ ഭാഗമായാണിത്. ഡാര്‍ക്‌നെറ്റ് വെബ്‌സൈറ്റുകളിലും രഹസ്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുമാണ് നിരീക്ഷിക്കുന്നത്.
പോലീസ് സജ്ജമാക്കിയ സോഫ്റ്റ്‌വെയര്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ക്കെതിരേ കുറ്റം ചുമത്താവുന്ന തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
നോട്ടപ്പുള്ളികളുടെ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ വിവരശേഖരണത്തിനു പിന്നാലെയാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്നപേരില്‍ പരിശോധനകള്‍ ആരംഭിച്ചത്.