കോട്ടയം- എൻ.സി.പി-കേരള കോൺഗ്രസ് ഭിന്നതയ്ക്കിടെ പ്രചാരണ രംഗത്ത് മാണി സി. കാപ്പൻ സജീവമായിരുന്നോ എന്ന സംശയം ഉയർത്തി ജോസ് കെ. മാണി രംഗത്തു വന്നു.
പ്രചാരണ രംഗത്ത് മാണി സി. കാപ്പൻ സജീവമായിരുന്നോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നാണു ജോസ് കെ. മാണി ആവശ്യപ്പെട്ടത്. ഇടതുപക്ഷം സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പരാതികൾ ഉണ്ടെങ്കിൽ എൽ.ഡി.എഫ് പരിശോധിക്കും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ എൻ.സി.പിക്ക് അർഹമായ പരിഗണന കിട്ടിയില്ലെന്ന് മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയല്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് പാല എം.എൽ.എയായ കാപ്പൻ പ്രചാരണത്തിൽ സജീവമല്ലായിരുന്നുവെന്ന് ജോസ് കെ. മാണി ആരോപിച്ചത്.
എൻ.സി.പി പതിറ്റാണ്ടുകളായി ഇടതുമുന്നണിയുടെ ഭാഗമാണെന്നും മാണി സി. കാപ്പൻ ഇടതുപക്ഷ എം.എൽ.എ ആണെന്നുള്ള കാര്യം മറക്കരുതെന്നും എൻ.സി.പി വ്യക്തമാക്കി. മാണി സി. കാപ്പന്റെ ഇടതുപക്ഷ നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.എൽ.എ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ കേരളാ കോൺഗ്രസ് എം. ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴി കുളത്തോടു ചോദിച്ചാൽ മതി. മാണി സി. കാപ്പൻ ഭരണങ്ങാനത്തു ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തതും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്തതും ഫിലിപ്പ് കുഴികുളം വ്യക്തമാക്കിയിട്ടുണ്ട്. അതാത് വാർഡുകളിലെ സ്ഥാനാർഥികളാണ് ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ മുൻ കൈയ്യെടുക്കേണ്ടതെന്ന ഫിലിപ്പ് കുഴികളത്തിന്റെ പ്രസ്താവന എന്താണ് സംഭവിച്ചതെന്നു വ്യക്തമാക്കുന്നതാണ്.
എൻ.സി.പിക്കു അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ കാണാം. ഇടതു മുന്നണി പ്രതിപക്ഷത്തുണ്ടായിരുന്നപ്പോഴും എൻ.സി.പി ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ ഉപേക്ഷിക്കപ്പെട്ട സീറ്റായി പരിഗണിക്കപ്പെട്ട സീറ്റായിരുന്നു പാലാ. രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ നാലു തെരഞ്ഞെടുപ്പുകളെ നേരിട്ടു ഇടതുപക്ഷത്തിനുവേണ്ടി മാണി സി. കാപ്പൻ കഷ്ടപ്പെട്ടു നേടിയതാണ്.
രണ്ടു മാസം മുമ്പ് വരെ ഇടതുപക്ഷത്തെയും പാലാ എം.എൽ.എയും നിരന്തരം നിശിതമായി വിമർശിച്ചുകൊണ്ടിരുന്നതും തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്നും പാലാക്കാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എൻ.സി.പി ആരോപിച്ചു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പോടെ എൻ.സി.പി ഇടതുമുന്നണിയുമായി അകലുകയാണെന്ന സൂചന ശക്തിപ്പെടുന്നതാണ് തുടർ സംഭവവികാസങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.സി.പി പുതിയ രാഷ്ട്രീയ തീരുമാനം എടുക്കാനുള്ള സാധ്യത വർധിക്കുകയാണ്.